പരിയാരം കെ.കെ.എന്‍.പി.എം.ജി.വി.എച്ച്.എസ് സ്‌കൂളിൽ പുതിയ കെട്ടിടം

post

കണ്ണൂർ പരിയാരം കെ.കെ.എന്‍.പി.എം.ജി.വി.എച്ച്.എസ് സ്‌കൂളിന്റെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ, തൊഴില്‍  വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയകെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിനായി ഒരു കോടി രൂപയും ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ നിര്‍മാണത്തിനായി 1.5 കോടി രൂപയുമാണ് ചെലവ്. മൂന്ന് ക്ലാസ് മുറികളും സ്റ്റെയര്‍ റൂമുമടക്കം 248.20 ച.മീറ്റര്‍ വിസ്തീര്‍ണത്തിലാണ് പുതിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലെറ്റ് ബ്ലോക്ക്, നാല് ക്ലാസ് മുറികള്‍, സ്റ്റെയര്‍ കെയ്‌സ് റൂം, മഴവെള്ള സംഭരണി, സെപ്റ്റിക് ടാങ്ക് എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്റെ നിലവിലുള്ള ഗ്രൗണ്ട് ഫ്ളോറിന്റെ ടൈല്‍സ് പാകല്‍ പ്രവൃത്തിയും ഇതോടൊപ്പം പൂര്‍ത്തീകരിച്ചിട്ടുണ്ട്. രണ്ട് കെട്ടിടങ്ങളിലുമായി 2.5 കോടി രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പരിയാരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി 6.61 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. പി ഡബ്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, വൈസ് പ്രസിഡന്റ് പി.പി ബാബുരാജന്‍, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ ടി.പി രജനി, ടോണി വിന്‍സന്റ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ.സി മല്ലിക, വാര്‍ഡ് അംഗം ദൃശ്യ ദിനേശന്‍, കണ്ണൂര്‍ ആര്‍ ഡി ഡി പി.എക്സ് ബിയാട്രിസ് മരിയ, വി.എച്ച്.എസ്.ഇ പയ്യന്നൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഇ.ആര്‍ ഉദയകുമാരി, തളിപ്പറമ്പ് ഡി ഇ ഒ എസ് വന്ദന, തളിപ്പറമ്പ് എഇഒ കെ മനോജ്, കണ്ണൂര്‍ ഡി പി സി എസ്.എസ്.കെ ഇ.സി വിനോദ്, കണ്ണൂര്‍ ബി.പി.സി. എസ്.എസ്.കെ കെ ബിജേഷ്, ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ മാത്യു, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ എം.എം റോസ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി.എന്‍ സ്മിത പിള്ള, പ്രധാനധ്യാപിക എ.കെ സബിത, എസ് എം സി ചെയര്‍മാന്‍ പി രഞ്ജിത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.ടി മനോഹരന്‍, എ.വി രതീഷ് ബാബു, പി.വി സജീവന്‍, എം.എ ഇബ്രാഹിം, എന്‍.കെ.ഇ ചന്ദ്രശേഖരന്‍ നമ്പൂതിരി, പി ടി എ പ്രസിഡന്റ് വി.വി ദിവാകരന്‍, മദര്‍ പി ടി എ പ്രസിഡന്റ് എ.വി ശ്രീകല, സമഗ്ര വിദ്യാഭ്യാസ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ടി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.