റബ്കോ റീട്ടെയ്ല്‍സ് വില്‍പന ഷോറൂം ഉദ്ഘാടനം ചെയ്തു

കണ്ണൂർ തലശ്ശേരി കൂത്തുപറമ്പ് റോഡിലുള്ള വേറ്റുമ്മലില്‍ റബ്കോ ഉല്‍പന്നങ്ങളുടെ റീട്ടെയ്ല്‍സ് വില്‍പന ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നിയമസഭകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും റബ്‌കോയുടെ ഉല്‍പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും റബ്‌കോയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. റബര്‍ കര്‍ഷകരെ സഹായിക്കുവാന്‍ തുടങ്ങിയ പ്രസ്ഥാനം ഗുണമേന്മ കൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ കോര്‍പറേറ്റുകളെ വെല്ലുന്ന രീതിയില്‍ ബഹുദൂരം സഞ്ചരിച്ചെന്നും അദ്ദേഹം പറഞ്ഞു.
റബ്കോ ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ പ്രദര്‍ശിപ്പിക്കാനും വിപണനം ചെയ്യാനുമായി 5000 ചതുരശ്ര അടി വിസ്തൃതിയുള്ള ഷോറൂമാണ് വേറ്റുമ്മലില്‍ ഇരുനിലകളിലായി സജ്ജീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലും സഹകരണ അടിസ്ഥാനത്തിലും രൂപം കൊണ്ട റബ്കോ റീടെയില്‍സ് സ്ഥാപനത്തില്‍ ഇരുനൂറിലധികം വരുന്ന റബ്‌കോ ഫര്‍ണിച്ചറുകളും കിടക്കകളും മറ്റ് ഉല്‍പന്നങ്ങളുമുണ്ട്. ഗുണനിലവാരമുള്ളതും ഈടുറ്റതും ഭംഗിയാര്‍ന്നതുമായ വിവിധ ശ്രേണിയിലുള്ള റബ്കോ റബ് വുഡ് ഫര്‍ണിച്ചര്‍, റബ്ബറൈസ്ഡ് കയര്‍ മെത്തകള്‍, സ്പ്രിങ്ങ് മെത്തകള്‍, റബ്‌കോ റെയിന്‍ബോ ലൈറ്റ് വെയിറ്റ് ചപ്പല്‍, ഹവായ് ചപ്പല്‍, ന്യൂട്രികോ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, നാച്വറല്‍ വെളിച്ചെണ്ണ തുടങ്ങിയ റബ്‌കോ ഉല്‍പന്നങ്ങള്‍ ഇതിനകം ആഗോളതലത്തില്‍ തന്നെ വിപണനം നടത്തുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. 25,000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാം. കൂടാതെ ഇ.എം.ഐ ഫിനാന്‍സിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
റബ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ കാരായി രാജന്‍ അധ്യക്ഷനായി. സ്ലീപ്പ് ഹെവന്‍ സ്റ്റുഡിയോയുടെ ഉദ്ഘാടനം കേരള ഹോസ്പിറ്റല്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എം.സി പവിത്രന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സല്‍ ആദ്യ വില്‍പന നടത്തി. റബ്കോ ഗ്രൂപ്പ് ഡയറക്ടര്‍ കെ ധനഞ്ജയന്‍, കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജീവന്‍, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സനില്‍, കോട്ടയം ഗ്രാമപഞ്ചായത്ത് അംഗം എം.പി ദിലീപന്‍, കതിരൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, റബ്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മോണ്‍സണ്‍ ജോസഫ്, വടക്കുമ്പാട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പ്രസന്ന ടീച്ചര്‍, റബ്കോ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ.കെ രവീന്ദ്രന്‍, വേറ്റുമ്മല്‍ ജുമാ മസ്ജിദ് സെക്രട്ടറി വി.പി റമീസ്, വേറ്റുമ്മല്‍ ഗണപതി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വി ശ്രീരാഗ്, സംഘാടകസമിതി ചെയര്‍മാന്‍ കെ.വി പവിത്രന്‍, കണ്‍വീനര്‍ പി അജിത്ത്, ഫാക്ടറി മാനേജര്‍ കെ.സി ശ്രീജേഷ്, സജീവ് മാറോളി, അഡ്വ. നിഷാദ്, ബഷീര്‍ ചെറിയാണ്ടി, പത്മിനി ടീച്ചര്‍, പി.കെ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.