വിള നിർണയ പദ്ധതിയും പുതിയ വെബ്സൈറ്റും: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

post

ഭൂവിനിയോഗ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നടത്തുന്ന സമുചിത വിള നിർണയ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും ലാൻഡ് റിസോഴ്‌സ് ഇൻഫർമേഷൻ സിസ്റ്റം (എൽആർഐ) വെബ്‌സൈറ്റ് പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർവ്വേ നമ്പർ അടിസ്ഥാനത്തിലുള്ള അഞ്ചരക്കണ്ടി പഞ്ചായത്ത് വിള ഭൂപടവും, കണ്ണൂർ ജില്ലയുടെ പുതുക്കിയ ലാൻഡ് റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം എൽ ആർ ഐ എസ്) വെബ്‌സൈറ്റ് എന്നിവയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് പൊതുവിലും, കേരളത്തിനു പ്രത്യേകിച്ചും വലിയ ദോഷം വരുത്തുന്നതാണ് അമേരിക്ക തീരുവ വർധിപ്പിച്ച നടപടിയെന്നും കേരളത്തെ ഗുരുതരമായി ബാധിക്കാൻ പോകുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

അമേരിക്കയുടെ നടപടി കേരളത്തിൽ നിന്നുള്ള കയറ്റുമതി ഉത്പന്നങ്ങളെ സാരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കാർഷികോത്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. കശുവണ്ടി, അരി, പച്ചക്കറികൾ, സംസ്‌കരിച്ച പഴം, ധാന്യപ്പൊടികൾ തുടങ്ങിയവയുടെ ആകെ കയറ്റുമതിയുടെ 20 ശതമാനത്തിലധികം പോകുന്നത് അമേരിക്കയിലേക്കാണ്. രാജ്യത്തെ ഏറ്റവുമധികം സമുദ്രോത്പന്ന സംസ്‌കരണ യൂണിറ്റുള്ള സംസ്ഥാനവും കേരളമാണ്. അതുകൊണ്ടുതന്നെ, നമ്മുടെ സമുദ്രോത്പന്ന കയറ്റുമതിയിലും അധിക ചുങ്കത്തിന്റെ പ്രത്യാഘാതമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



സമുചിത വിള നിർണയ പദ്ധതി കർഷകർ ഗൗരവത്തോടെ കാണണം

കേരളത്തിന്റെ മണ്ണിന്റെയും ജലസ്രോതസ്സുകളുടെയും സമ്പന്നത പാഴാക്കാതെ, കൂടുതൽ മെച്ചപ്പെട്ട ഉത്പാദനശേഷിയിലേക്ക് കാർഷിക മേഖല നയിക്കപ്പെടുന്നതിന് ഉതകുന്നതാണ് ഭൂവിനിയോഗ വകുപ്പ് ആവിഷ്‌ക്കരിച്ച 'സമുചിത വിള നിർണയം' എന്ന പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി കർഷകർ ഗൗരവത്തോടെ കാണണം. ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ സ്വഭാവം, ജല ലഭ്യത, കാലാവസ്ഥാ വ്യതിയാനങ്ങളുടെ സാധ്യതകൾ എന്നിവ ശാസ്ത്രീയമായി പഠിച്ച്, ഏറ്റവും അനുയോജ്യമായ വിള ഏതെന്ന് കർഷകർക്ക് കൃത്യമായി നിർദേശിക്കാൻ ഇത് ഉപകാരപ്രദമാണ്. ഇത് കേരളത്തിലെ നെൽകർഷകർക്കും റബ്ബർ കർഷകർക്കും ഒരുപോലെ പ്രയോജനകരമാണ്. കാലാവസ്ഥാ മാറ്റങ്ങൾ മൂലം നെൽകൃഷിക്ക് അനുയോജ്യമല്ലാത്ത ഒരു പ്രദേശത്ത്, പകരം ചെയ്യാൻ കഴിയുന്ന മറ്റു കാർഷിക വിളകളെക്കുറിച്ച് കർഷകന് കൃത്യമായ മാർഗനിർദ്ദേശം ഇതുവഴി ലഭിക്കും.

ശരിയായ വിള തിരഞ്ഞെടുക്കുന്നത് ഏറ്റവും മികച്ച വിളവ് നേടാനും അതുവഴി കർഷകരുടെ വരുമാനം വർധിപ്പിക്കാനും സഹായിക്കും. മണ്ണിന്റെ ഘടന മനസ്സിലാക്കി കൃഷി ചെയ്യുന്നതിലൂടെ മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും അതുവഴി കാർഷിക ഉൽപ്പാദനം ഉറപ്പാക്കാനും സാധിക്കും. കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാൻ ശേഷിയുള്ള വിളകൾ തിരഞ്ഞെടുക്കുന്നതിലൂടെ കാർഷിക നഷ്ടം വലിയ തോതിൽ ഒഴിവാക്കാനുമാകും. അതുകൊണ്ടുതന്നെ ഈ സംവിധാനം വളരെ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങളും കർഷകരും തയ്യാറാകണം.

പ്രകൃതിവിഭവങ്ങളുടെ വിവേകപൂർവ്വമായ ഉപയോഗവും സുസ്ഥിര കാർഷിക പരിപാലനവുമാണ് 'സമുചിത വിള നിർണയ പദ്ധതി' ലക്ഷ്യമിടുന്നത്. ജി ഐ എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയും, ഫീൽഡ് സർവേകളിലൂടെയും നിലവിലെ ഭൂവിനിയോഗക്രമം പഠനവിധേയമാക്കി, ഗ്രാമപഞ്ചായത്ത് തലത്തിൽ വിളഭൂപടങ്ങൾ തയ്യാറാക്കി, ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളയിനങ്ങൾ ശുപാർശ ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ പ്രദേശത്തെയും കാർഷിക വികസന സാധ്യതകൾ, ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ, അവിടങ്ങളിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും സർവ്വേ നമ്പർ തലത്തിൽ ഇതിൽ വിശകലനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്ത് ഗ്രാമപഞ്ചായത്തുകളിൽ പൈലറ്റ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. അതിൽ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിനായി തയ്യാറാക്കിയ വിള ഭൂപടം പ്രകാശനം ചെയ്യുകയാണ്. സബ്ഡിവിഷൻ തലത്തിൽ തയ്യാറക്കിയ ഈ വിള ഭൂപടം സംസ്ഥാനത്ത് തന്നെ ആദ്യത്തേതാണ്. ഈ പഞ്ചായത്തിലെ ലഭ്യമായ ഭൂമിയുടെ ഉത്പാദനക്ഷമത, അനുയോജ്യമായ കാർഷിക വിള, മാർക്കറ്റിംഗ് സാധ്യതകൾ, സംരംഭകത്വ സാധ്യതകൾ, കാർഷികമേഖല നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയവ ഇതിൽ അവലോകനം ചെയ്തിട്ടുണ്ട്. വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും പ്രകൃതിവിഭവങ്ങൾ യുക്തിസഹമായി വിനിയോഗിക്കുന്നതിനുമുള്ള മാർഗരേഖയായി തദ്ദേശഭരണ സ്ഥാപനത്തിന് ഇത് ഉപയോഗിക്കാവുന്നതാണ്.

ഭൂവിനിയോഗ വകുപ്പിന്റെ ലാൻഡ് റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം (എൽ ആർ ഐ എസ്) എന്ന പദ്ധതിയുടെ പുതുക്കിയ വെർഷൻ ഇവിടെ പ്രകാശനം ചെയ്യുകയാണ്. ഭൂവിനിയോഗം, ജലം, മണ്ണ്, ഗതാഗതം തുടങ്ങി 13 വ്യത്യസ്ത വിവരങ്ങൾ അടങ്ങുന്ന വെബ് അധിഷ്ഠിത പദ്ധതിയാണ് ലാൻഡ് റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം. അതിൽ ലഭ്യമായ ഡേറ്റാ പുതുക്കി, വെബ്സൈറ്റിനെ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കിയിട്ടുണ്ട്. വകുപ്പുകൾക്ക് പദ്ധതികൾ കൃത്യതയോടെ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും എൽ ആർ ഐ എസ് 2.0 സഹായകരമാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമ്രന്തി പറഞ്ഞു.

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ രജിസ്‌ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.

പാനൂർ സെമി ക്രിട്ടിക്കൽ ബ്ലോക്കിന്റെ ജല പരിപാലന റിപ്പോർട്ട് 'സജലം' കണ്ണൂർ കോപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പ്രകാശനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ റിപ്പോർട്ട് ഏറ്റുവാങ്ങി. ഓമല്ലൂർ, നെന്മേനി സമുചിത വിളനിർണയ റിപ്പോർട്ട് പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഓമല്ലൂർ, നെന്മേനി പഞ്ചായത്തുകളിലെ കൃഷി ഓഫീസർമാർ റിപ്പോർട്ട് ഏറ്റുവാങ്ങി. ഓച്ചിറ സമുചിത വിളനിർണയ റിപ്പോർട്ട് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ പ്രകാശനം ചെയ്തു. ഓച്ചിറ പഞ്ചായത്ത് കൃഷി ഓഫീസർ റിപ്പോർട്ട് ഏറ്റുവാങ്ങി. അഞ്ചരക്കണ്ടി പഞ്ചായത്ത് വിള ഭൂപടം കണ്ണൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷമീമ ടീച്ചർ പ്രകാശനം ചെയ്തു. തലശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ, അഞ്ചരക്കണ്ടി കൃഷി ഓഫീസർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ഭൂവിനിയോഗ കമ്മീഷണർ യാസ്മിൻ എൽ റഷീദ്, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കണ്ണൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷമീമ ടീച്ചർ, ജില്ല കൃഷി ഓഫീസർ കെ എൻ ജ്യോതികുമാരി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, ഭൂവിനിയോഗ വകുപ്പ് ജോയിന്റ് ഡയറക്ടർ ടീന ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.

ഭൂവിനിയോഗ കമ്മീഷണർ യാസ്മിൻ എൽ റഷീദ്, ഭൂവിനിയോഗ വകുപ്പ് സോയിൽ സർവ്വേ ഓഫീസർ ഡോ. അഖില മെറിൻ മാത്യു, ഡിജിറ്റൽ യൂനിവേഴ്‌സിറ്റി ജിയോ സ്‌പേഷ്യൽ അനലിസ്റ്റ് പ്രിഥ്വി കെ, ഭൂവിനിയോഗ വകുപ്പ് ജോയിന്റ് ഡയറക്ടർ ടീന ഭാസ്‌കരൻ എന്നിവർ നയിച്ച ടെക്‌നിക്കൽ സെഷനുകളും ചർച്ചയും നടന്നു.