ഉന്നതവിജയം നേടിയ ഹരിതകർമ സേനാംഗങ്ങളുടെ മക്കൾക്ക് അനുമോദനം

എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം നേടിയ ഹരിതകർമസേന അംഗങ്ങളുടെ മക്കൾക്കും തുല്യതാ പരീക്ഷയിൽ വിജയിച്ച സേന അംഗങ്ങൾക്കുമുള്ള അനുമോദനവും ഹരിതകർമ സേന കൺസോഷ്യം ഭാരവാഹികളുടെ കണ്ണൂർ ജില്ലാതല സംഗമവും നടന്നു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഹരിത കർമ സേനാംഗങ്ങളുടെ വിജയം നാടിന്റെ വിജയമാണെന്നും അവരുടെ സന്തോഷത്തിൽ സർക്കാർ പങ്കു ചേരുകയാണെന്നും കലക്ടർ പറഞ്ഞു. ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോടുള്ള മനോഭാവത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഹരിത കർമ്മ സേനയിലൂടെ കഴിഞ്ഞു. ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ടന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ അധ്യക്ഷനായി. ക്ലീൻ കേരള കമ്പനി മാനേജിങ്ങ് ഡയറക്ടർ ജി.കെ സുരേഷ് കുമാർ മുഖ്യാതിഥിയായി. ക്ലീൻ കേരള കമ്പനിയുടെ ആഭിമുഖ്യത്തിൽ കലക്ടേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽ കുമാർ, നവകേരളം കർമ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, കില ജില്ലാ ഫെസിലിറ്റേറ്റർ പി.വി രത്‌നാകരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ, കെ എസ് ഡബ്ല്യു എം പി ജില്ലാ കോ ഓർഡിനേറ്റർ എ.ആർ സൗമ്യ, ജില്ലാ സാക്ഷരത മിഷൻ കോ ഓർഡിനേറ്റർ ഷാജു ജോൺ, ക്ലീൻ കേരള കമ്പനി സെക്ടർ കോ ഓർഡിനേറ്റർ നിധിന, ക്ലീൻ കേരള കമ്പനി ടെക്‌നിക്കൽ അസിസ്റ്റന്റ് സ്‌നേഹ കീക്കാനം എന്നിവർ സംസാരിച്ചു.