കൂടുതൽ കരുത്തോടെ ആരോഗ്യ മേഖല;കൊല്ലത്ത് വിവിധ ആരോഗ്യ സ്ഥാപനങ്ങൾ ഉദ്‌ഘാടനം ചെയ്തു

കുണ്ടറയിൽ ഡയാലിസിസ് യൂണിറ്റും ചവറയിലും നെടുമ്പനയിലും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഉദ്‌ഘാടനം ചെയ്തു
കൊല്ലം ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ വികസന പദ്ധതികൾ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്തു.കുണ്ടറ താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് യൂണിറ്റ്,പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി. കെട്ടിടം,മീയണ്ണൂരിലെ ജനകീയാരോഗ്യ കേന്ദ്രം ,ചവറ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രം, ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്, നെടുമ്പന ബ്ലോക്ക്കുടുംബാരോഗ്യകേന്ദ്രം , ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റ് എന്നിവയാണ് ഉദ്‌ഘാടനം ചെയ്തത്.
കൊറ്റംകുളങ്ങര, പുതുക്കാട്, വള്ളിക്കീഴ് എന്നിവിടങ്ങളിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ്
കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് യൂണിറ്റ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.രാജ്യത്ത് സൗജന്യചികിത്സയ്ക്ക് ഏറ്റവുമധികം പണംചിലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി പറഞ്ഞു.
എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ ആര്‍ദ്രം പദ്ധതി വഴി സ്ഥാപിക്കുകയാണ്. 97 ആശുപത്രികളില്‍ യാഥാര്‍ത്ഥ്യമാക്കി. 1.5 കോടി രൂപയ്ക്കാണ് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ യൂണിറ്റ് സ്ഥാപിച്ചത്.കേരളത്തിന്റെ വര്‍ത്തമാന-ഭാവികാല ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ള വികസനമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. സ്വകാര്യമേഖലയില്‍മാത്രം ലഭ്യമായിരുന്നസൗകര്യങ്ങള്‍ നിലവില്‍ ജില്ല-താലൂക്ക്തല ആശുപത്രികളിലും ലഭ്യമാണ്. 14 ജില്ലകളിലും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുകയാണ്.
ജില്ലാ ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗം മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പുതിയകെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ജില്ലാ ആശുപത്രി, സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രി, കൊട്ടാരക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിലെ സര്‍ക്കാര്‍ അശുപത്രികളിലെ നിര്‍മാണ പ്രവര്‍ത്തികളും സമയബന്ധിതമായി തീര്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ 72 ലക്ഷം രൂപ ചിലവഴിച്ച് ചിറ്റുമല ബ്ലോക്ക് പഞ്ചായത്താണ് പൂര്‍ത്തിയാക്കിയത്. ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റില്‍ നിന്നും അനുവദിച്ച 79,61,070 രൂപ വിനിയോഗിച്ച് ഏഴ് ഡയാലിസിസ് മെഷീനുകള്‍ ലഭ്യമാക്കി. ഒരേ സമയം ഏഴ് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
പി സി വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, വൈസ് പ്രസിഡന്റ് ബി ദിനേശ്, ജില്ലാ പഞ്ചായത്ത് അംഗം സി ബാള്‍ഡുവിന്‍, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീഷ് പടപ്പക്കര, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരന്‍, കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി ലാലി, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, മണ്‍റോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍, വിവിധ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒ.പി. കെട്ടിടം ഉദ്‌ഘാടനം ചെയ്തു
കൊല്ലം ചാത്തന്നൂര്‍ നഗരസഭയുടെ വിവിധ വാര്‍ഷികപദ്ധതികളില്‍ ഉള്‍പ്പെടുത്തി പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ 1.2 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ഒ.പി. കെട്ടിടം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘടാനം ചെയ്തു.
സംസ്ഥാനത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍, പുതിയആശുപത്രികള്‍ എന്നിവയുടെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ 10,000 കോടി ചിലവഴിച്ചതായി മന്ത്രി പറഞ്ഞു .
സ്വകാര്യ ആശുപത്രികളില്‍മാത്രം ഉണ്ടായിരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ വികേന്ദ്രീകരിച്ച് ജില്ല-താലൂക്ക് ആശുപത്രികളില്‍ ലഭ്യമാക്കി. ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും കാത്ത് ലാബ്, പക്ഷാഘാത ചികിത്സ, വിവിധ ആശുപത്രികളില്‍ കരള്‍-മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങി ഉയര്‍ന്നചിലവിലുള്ള ചികിത്സകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കിതുടങ്ങി. നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍അനുവദിക്കുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ചനടത്തിയതായും മന്ത്രി വ്യക്തമാക്കി. രോഗനിയന്ത്രണം മുന്നില്‍ക്കണ്ട് 30 വയസിനു മുകളിലുള്ള എല്ലാവരും വര്‍ഷത്തില്‍ഒരിക്കല്‍ ജീവിതശൈലിരോഗങ്ങള്‍ പരിശോധിച്ച് അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് 27.5 ലക്ഷം രൂപ ചിലവില്‍ കലയ്‌ക്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്, ഏഴ് ലക്ഷം രൂപ വീതം വിനിയോഗിച്ച് ചിറക്കരതാഴം, താഴംസൗത്ത് ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഓണ്‍ലൈനായി മന്ത്രി നിര്‍വഹിച്ചു.
ജി എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി ശ്രീജ, വൈസ് ചെയര്‍പേഴ്‌സണ്‍ എ. സഫര്‍ കയാല്‍, സ്ഥിരംസമിതി അധ്യക്ഷര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എം എസ് അനു, ദേശീയആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചവറ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു
ചവറ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രം, ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം, കൊറ്റംകുളങ്ങര, പുതുക്കാട്, വള്ളിക്കീഴ് എന്നിവിടങ്ങളിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു.
ആര്‍ദ്രം പദ്ധതിയിലൂടെ സംസ്ഥാനത്ത് 6.75 ലക്ഷം പേര്‍ക്ക് ഈവര്‍ഷം സൗജന്യചികിത്സ ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു .
രോഗപ്രതിരോധംഊര്‍ജിതമാക്കാന്‍ താഴെത്തട്ടില്‍ ജനകീയആരോഗ്യകേന്ദ്രങ്ങള്‍ സജ്ജമാക്കുകയുമാണ്. സബ് സെന്ററുകള്‍ ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ ആക്കി ഉയര്‍ത്തും. ചവറ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നും അനുവദിച്ച 37.5 ലക്ഷം രൂപയ്ക്കാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്. ടെസ്റ്റിംഗ് സാമ്പിളുകള്‍ പുറത്തുള്ള പരിശോധന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യ പോസ്റ്റുമായി സഹകരിച്ച് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏറ്റവും കുറവ് മാതൃ-ശിശുമരണനിരക്കുള്ള സംസ്ഥാനമാണിത്. ആര്‍ദ്രം പദ്ധതിയിലൂടെ 150 ഓളം പക്ഷാഘാത രോഗികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികകളുടെയും ചികിത്സനിലവാരം ഏകീകരിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഡോ സുജിത് വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി പി സുധീഷ് കുമാര്‍, പന്മന പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീകല, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് കെ രാജീവന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രത്തെ ബ്ലോക്ക്കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി
കൊല്ലം നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രത്തെ ബ്ലോക്ക്കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെയും, ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റിന്റെയും, മീയണ്ണൂരിലെ ജനകീയാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇ-ഹെല്‍ത്ത്പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
മരുന്നുകുറിക്കല്‍, ലാബ്പരിശോധനാറിപ്പോര്‍ട്ട് തുടങ്ങിയവ കടലാസ് രഹിതമാക്കി രോഗികളുടെ ചികിത്സാവിവരം ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്നതരത്തില്‍ പദ്ധതി വ്യാപിപ്പിക്കും. സര്‍ക്കാര്‍മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ച് 'നിര്‍ണയ ലബോറട്ടറി ശൃംഖല' പ്രാബല്യത്തില്‍വരും. രോഗചികിത്സക്കൊപ്പം പ്രതിരോധത്തിന് പ്രധാന്യംനല്‍കിയുള്ളരീതിയാണ് നടപ്പാക്കുക. ബ്ലോക്കിന്റെ ജനകീയാരോഗ്യകേന്ദ്രം എല്ലാ ചൊവ്വാഴ്ചകളും സ്ത്രീകളുടെ ക്ലിനിക്കായി പ്രവര്‍ത്തിക്കും.
രോഗികളുടെ കൂട്ടായ്മയ്ക്ക് 'പേഷ്യന്റ് ക്ലബ്ബുകള്‍' രൂപീകരിക്കും. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനാണ് പൊതുജനാരോഗ്യ യൂണിറ്റ് ആരംഭിച്ചത്. നെടുമ്പന കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ലാബില്‍ 80 ഓളം പരിശോധനകള്‍നടത്താന്‍ സൗകര്യംഒരുക്കിയിട്ടുണ്ടെന്നും ഒഴിവുള്ള നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജീവനക്കാരെനിയോഗിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
37.5 ലക്ഷം രൂപ ചിലവിലാണ് നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. 27.5 ലക്ഷം വിനിയോഗിച്ച് ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റും, ഏഴ് ലക്ഷം രൂപ ചെലവില്‍ മീയണ്ണൂരിലെ ജനകീയാരോഗ്യ കേന്ദ്രവും ഒരുക്കി.
പി സി വിഷ്ണുനാഥ് എം. എല്‍ എ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജകുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എച്ച് ഹുസൈന്‍, സ്ഥിരംസമിതി അധ്യക്ഷരായ ജിഷ അനില്‍, പി സുശീല, ബ്ലോക്ക്-ഗ്രാമപഞ്ചയാത്ത് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എം എസ് അനു, ദേശീയ ആരോഗ്യമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.