വാതിൽ അടയ്ക്കാതെയുള്ള ബസ് സർവീസുകൾക്കെതിരെ കര്‍ശന നടപടി

post

കൊല്ലം ജില്ലയില്‍ സ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം ജി.നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷ അവലോകന യോഗത്തില്‍ തീരുമാനം.  നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വീഡിയോ പകര്‍ത്തി 9188961202 കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കാം.  ബസുകളിലെ വാതിലുകള്‍ വലിച്ചുകെട്ടിവെയ്ക്കുന്നത്  അനുവദിക്കില്ല.  കര്‍ശന പരിശോധന നടത്തി പിഴയും ഈടാക്കും.  

റോഡുകളില്‍ കാഴ്ചകള്‍ മറയ്ക്കുന്ന വിധത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശിച്ചു.  അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും സമാന നിര്‍മിതികളും നീക്കുന്നത് ഉറപ്പാക്കണം. കൊട്ടാരക്കര-ആയൂര്‍ റോഡില്‍ എസ്.ബി.ഐ ജങ്ഷനില്‍ റോഡപകടങ്ങള്‍ നടക്കുന്നത് സംബന്ധിച്ച് എം.വി.ഡി, പൊലീസ്, കെ.എസ്.ടി.പി, ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സംയുക്ത പരിശോധന നടത്തും. പുനലൂര്‍- അഞ്ചല്‍ പാതയില്‍ അടുക്കലമൂല ഭാഗത്ത് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലിങ്കര്‍ ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയായി.

ഇരുചക്രവാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ, ട്രാക്കുമായി സഹകരിച്ച് 'ജെന്റില്‍ റൈഡര്‍' ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. സുരക്ഷിതമായി വാഹനമോടിക്കുന്നതിന് പ്രായോഗിക പരിശീലനം ഉള്‍പ്പെടെ നല്‍കും. ഓഗസ്റ്റ് 17ന് ആശ്രാമം ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി  ക്യാഷ് പ്രൈസ് സഹിതം സമ്മാനങ്ങള്‍ നല്‍കുമെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു.