ലൈബ്രറി ശാക്തീകരണവും പുസ്തക വിതരണ അവാര്‍ഡ്ദാന ചടങ്ങുകളും ഉദ്ഘാടനം ചെയ്തു

കൊല്ലം കുഴിമതിക്കാട് സര്‍ക്കാര്‍ എച്ച്.എസ്.എസ്, ഓടനാവട്ടം കെ.ആര്.ജി പി.എം.എച്ച്.എസ്, വാളകം മാര്‍ത്തോമ എച്ച്.എസ്.എസ് സ്കൂളുകളിലെ ലൈബ്രറി ശാക്തീകരണവും പുസ്തക വിതരണ അവാര്‍ഡ്ദാന ചടങ്ങുകളുടെ ഉദ്ഘാടനവും ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിച്ചു.
ലഹരിവിപത്തിനെതിരെ വിദ്യാര്‍ഥികളെ അണിനിരത്തണമെന്ന് മന്ത്രി പറഞ്ഞു . രക്ഷകര്‍ത്താക്കളുടെയും അധ്യാപകസമൂഹത്തിന്റെയും നിതാന്ത ജാഗ്രത ലഹരിവിപത്തില്‍ നിന്ന് കുട്ടികളെ അകറ്റാന്‍ പര്യാപ്തമാകും. വായനയും കായികഭ്യാസവും സഹായകഘടകങ്ങളാണ്. സ്കൂള്‍ ലൈബ്രറികള്‍ വിപുലീകരിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി. വ്യക്തികള്മുഖേനയും പുസ്തകങ്ങള്‍ ശേഖരിച്ചു. ദൈനംദിന വാര്‍ത്തകള്‍ വായനയിലൂടെ അറിയാന്‍ കുട്ടികള്‍ക്ക കഴിയണം. ശാരീരികാരോഗ്യം മെച്ചപ്പെടുത്താന്‍ മികച്ച സ്റ്റേഡിയങ്ങളും കായികപരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുകയാണ്. പരിപാലനചുമതല അതത് പഞ്ചായത്തുകള്‍ക്ക് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. പ്രശ്നങ്ങള്കണ്ടെത്തി പരിഹരിക്കാന്‍ സുരക്ഷ ഓഡിറ്റ് യോഗങ്ങള്‍ നടത്തണം. സ്കൂള്‍ പരിസരത്തുള്ള താഴ്ന്ന വൈദ്യുതിലൈനുകള്‍ വൈദ്യുതിവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. മറ്റ് അപകടസാധ്യതകള്‍ ഇല്ലാതാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
കൊട്ടാരക്കരയില്‍ ആരംഭിച്ച പുതിയ നഴ്സിംഗ് കോളജ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, എന്‍ജിനീയറിങ് കോളേജിലെ പുതിയ കോഴ്സുകള്‍ എന്നിവ വിദ്യാഭ്യാസമേഖലയില്‍ മണ്ഡലത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കി. ക്വാണ്ടം കമ്പ്യൂട്ടിങ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ മലയാളി യുവാക്കളുടെ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവയ്ക്കുകയാണ്. പുതുതായി ആരംഭിച്ച സോഹോ കമ്പനിയുടെ ഐ.ടി കേന്ദ്രവും പുത്തന്‍ തൊഴില്‍അവസരങ്ങളും യുവതയുടെ നൈപുണ്യ വികസനപ്രവര്‍ത്തനങ്ങളുമായി ചേര്ന്ന്മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര നിയോജകമണ്ഡലത്തിന്റെ വികസനം ലക്ഷ്യമാക്കി നടപ്പാക്കിയ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ ലൈബ്രറി വിപുലീകരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
ജില്ല പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ പിള്ള, ഓടനാവട്ടം കെ.ആര്.ജി.പി.എം വി എച്ച് എസ് എസ്, എച്ച് എസ് എസ് സ്കൂളുകളിലെ പി.ടി.എ പ്രസിഡന്റ് വിനോദ് എസ്, ഉമ്മനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പന് എന്നിവര്‍ ചടങ്ങുകളില്‍ അധ്യക്ഷരായി. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര് പ്രശാന്ത്, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ, പഞ്ചായത്തുകളിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, എസ് എസ് കെ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.