ഖാദി ഓണം മേള ആഗസ്റ്റ് നാല് മുതല്‍

post

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം മേള ആഗസ്റ്റ് നാല് മുതല്‍ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 11.30 ന് നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ആദ്യ വില്‍പന നടത്തും. ഖാദിയുടെ പുതിയ ഉല്‍പന്നങ്ങളുടെ ലോഞ്ചിംഗ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തിലും സമ്മാനക്കൂപ്പണിന്റെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരിയും നിര്‍വഹിക്കും.

ഖാദി ഉല്‍പന്നങ്ങളായ സില്‍ക്ക, കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റ്, മുണ്ടുകള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍ എന്നിവ മേളക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഒക്ടോബര്‍ ഏഴിന് നടക്കുന്ന നറുക്കെടുപ്പില്‍ മെഗാ സമ്മാനമായി ടാറ്റാ ടിയാഗോ ഇ വി കാറും രണ്ടാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഒന്ന് വീതം ബജാജ് ഇ വി സ്‌കൂട്ടറും മൂന്നാം സമ്മാനമായി  50 ഗിഫ്റ്റ് വൗച്ചറുകളും നല്‍കും. ജില്ലയില്‍ ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ. കിഴിവുമുണ്ട്. ഉദ്ഘാടന പരിപാടിയില്‍ മുഴുവന്‍ സാന്നിധ്യമാകുന്ന ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ 1000 രൂപയുടെ ഖാദി തുണിത്തരങ്ങള്‍ സമ്മാനമായി ലഭിക്കും.