വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ 'ക്ഷീരാമൃതം' പദ്ധതി ശ്രദ്ധേയമാകുന്നു; ക്ഷീരകർഷകർക്ക് താങ്ങായി വൈക്കോൽ വിപണനം

post

ഗ്രാമത്തിലെ തലമുറകള്‍ക്കായി പാല്‍സമൃദ്ധിയും ക്ഷീരകര്‍ഷകര്‍ക്ക് പിന്തുണയേകി സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ് വെട്ടിക്കവല ബ്ലോക്പഞ്ചായത്ത്. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഭാവനാപൂര്‍ണമായി നടപ്പിലാക്കിയാണ് ക്ഷീരമേഖലയെ ഇവിടെ സമ്പന്നമാക്കുന്നത്.

കൊയ്ത്തുകഴിഞ്ഞ് ബാക്കിയായ വൈക്കോല്‍ വിറ്റഴിക്കാനാണ് ‘ക്ഷീരാമൃതം' പദ്ധതി. കുളക്കട ക്ഷീരോദ്പാദക സംഘം 240 രൂപ നിരക്കില്‍ ഒരു റോള്‍ വൈക്കോല്‍ നെല്‍കര്‍ഷകരില്‍ നിന്ന് വാങ്ങി ബ്ലോക്ക് പരിധിയിലെ കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്ത് വരുന്നു. 70 രൂപ നല്‍കിയാണ് യന്ത്രസഹായത്തോടെ വൈക്കോല്‍ റോളുകള്‍ ആക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ 3000 കിലോ വൈക്കോല്‍ വിപണനം നടത്താനായി. കച്ചിയുടെ പ്രാദേശികഉദ്്പാദനവും വിപണനവും പദ്ധതി വഴി ഉറപ്പാക്കി.

കാലിത്തീറ്റയ്ക്ക് സബ്‌സിഡി

കഴിഞ്ഞ നാല് വര്‍ഷങ്ങളായി വെട്ടിക്കവല ബ്ലോക്ക് പരിധിയിലെ ഉമ്മന്നൂര്‍, മൈലം, പവിത്രേശ്വരം, മേലില ഗ്രാമപഞ്ചായത്തുകളില്‍ കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നു. പ്ലാന്‍ ഫണ്ടില്‍നിന്നും മൈലം പഞ്ചായത്ത് 11 ലക്ഷം രൂപയും, ഉമ്മന്നൂര്‍ പഞ്ചായത്ത് ആറ് ലക്ഷം രൂപയും, മേലില പഞ്ചായത്ത് 4.5 ലക്ഷം രൂപയും വകയിരുത്തി. 1,515 രൂപയുടെ 50 കിലോഗ്രാം കാലിത്തീറ്റ ബാഗിന് 50 ശതമാനമാണ് സബ്‌സിഡി. കാലിത്തീറ്റ ഫാക്ടറിക്ക് പകുതിവിലനല്‍കിയാണ് പഞ്ചായത്ത് കര്‍ഷകര്‍ക്ക് പിന്തുണയാകുന്നത്.  ക്ഷീരസംഘത്തില്‍ പാല്‍അളക്കുന്ന അഞ്ചുലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനമുള്ള 600 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഈ വര്‍ഷം നാളിതുവരെ 33 ലക്ഷം രൂപയാണ് സബ്‌സിഡി ഇനത്തില്‍ ചെലവഴിച്ചത്.

ബ്ലോക്കില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഗുണഫലമായി 2024-25 ലെ കണക്കുപ്രകാരം ക്ഷീരസംഘം മുഖേനയുള്ള പാല്‍സംഭരണം 8500 ലിറ്ററിലേക്ക് ഉയര്‍ന്നു. അഞ്ച് ഏക്കറിന് മുകളില്‍ വിസ്തൃതിയുള്ള പുല്‍ത്തോട്ടങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ബ്ലോക്ക് ക്ഷീരവികസന യൂണിറ്റുമായി ചേര്‍ന്ന് ‘ഗൃഹശ്രീ' പദ്ധതിയുമുണ്ട്. ക്ഷീരവികസനത്തിനൊപ്പം ഇതരവരുമാനമാര്‍ഗങ്ങളും ലക്ഷ്യമാക്കിയാണ് പദ്ധതി. 24 മാസം പ്രായമുള്ള കിടാരി, നാലു മുതല്‍ അഞ്ചുമാസം വരെ പ്രായമുള്ള രണ്ടു പെണ്ണാടുകള്‍, 25 മുട്ടക്കോഴികുഞ്ഞുങ്ങള്‍, 1000 രൂപ വില വരുന്ന അഞ്ച് വ്യത്യസ്തയിനം പച്ചക്കറികളുടെ 350 തൈകള്‍ എന്നിവ വിതരണംചെയ്തതിലൂടെ പാല്‍, മുട്ട, ഇറച്ചി, പച്ചക്കറി എന്നിവയുടെ ഉത്പാദനത്തിലും സ്വയംപര്യാപ്തതയാണ് ലക്ഷ്യം.

യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ‘ക്ഷീരവസന്തം'. പുത്തന്‍ ആശയങ്ങള്‍പങ്കിടാനും നൂതനകണ്ടുപിടുത്തങ്ങളിലേക്ക് നയിക്കാനും പര്യാപ്തമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയാണ് പദ്ധതിയിലൂടെ. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സെമിനാറുകള്‍ നടത്തുന്നുമുണ്ട്. ക്ലാസുകള്‍, പരിശീലനങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നു. യുവ ക്ഷീരകര്‍ഷകരുടെ സമ്മേളനം സംഘടിപ്പിച്ച്  മികച്ച കര്‍ഷകരെ ആദരിച്ചു.  കന്നുകാലി പ്രദര്‍ശനത്തില്‍ പങ്കെടുത്തവര്‍ക്ക് കാലിത്തീറ്റ, വൈക്കോല്‍, പച്ചപുല്ല് തുടങ്ങിയവയും വിതരണംചെയ്തു. തനത് വികസനഫണ്ടില്‍ നിന്നും 2024-25 ല്‍ 1,50,000 രൂപ പദ്ധതിക്കായി വകയിരുത്തി.

പഞ്ചായത്തിലെ ക്ഷീരമേഖലയുടെ സുസ്ഥിരവികസനവും കര്‍ഷകരുടെ മെച്ചപ്പെട്ട ജീവിതസാഹചര്യവും ഉറപ്പാക്കുന്നതിന് തുടര്‍ന്നും നവീന പദ്ധതികള്‍ നടപ്പാക്കുമെന്ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത് കുമാര്‍ വ്യക്തമാക്കി.