പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം നടത്തി

post

കയാക്കിങ്ങും പെഡൽ ബോട്ടും സ്റ്റാൻഡ് അപ് പെഡലുമായി വിനോദസഞ്ചാരത്തിന്റെ വിസ്മയലോകമൊരുക്കി പുല്ലൂപ്പിക്കടവ്

പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. 'കാസ മറീനോ' ഫ്‌ളോട്ടിംഗ് റസ്റ്റോറൻ്റ് എന്ന പേര് കെ വി സുമേഷ് എംഎൽഎയും ജില്ലാ കലക്ടർ അരുൺ കെ വിജയനും ചേർന്ന് പ്രകാശനം ചെയ്തു. വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യതയാണ് പുല്ലൂപ്പിക്കടവിനുള്ളതെന്ന് കെ വി സുമേഷ് എംഎൽഎ പറഞ്ഞു. കയാക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതോടെ

സാഹസിക ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാവാൻ പുല്ലൂപ്പിക്കടവിന് സാധിക്കുമെന്നും വിനോദസഞ്ചാര മേഖലയിലെ വികസനം നാടിൻ്റെ സാമ്പത്തിക മുന്നേറ്റത്തിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ച വിനോദസഞ്ചാര കേന്ദ്രമാണ് പുല്ലൂപ്പിക്കടവ്. 

നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ രമേശൻ അധ്യക്ഷനായി. ജില്ലാ കലക്ടർ അരുൺ കെ വിജയൻ

മുഖ്യാതിഥിയായി. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് കയാക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് കലക്ടർ പറഞ്ഞു.

നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പിക്കടവിൽ 2023 സെപ്റ്റംബറിലാണ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. ഇതിനായി 4.01 കോടി രൂപയാണ് അനുവദിച്ചിരുന്നത്.

ജലസാഹസിക ടൂറിസത്തിന്റെ ഭാഗമായി ഫ്‌ളോട്ടിംഗ് ഡൈനിങ് ആണ് പദ്ധതിയുടെ പ്രധാന ആകർഷണം. എട്ട് വില്പന സ്റ്റാളുകൾ നിർമ്മിച്ചിട്ടുണ്ട്. പ്രാദേശിക ഭക്ഷണ വിഭവങ്ങൾ അടക്കമുള്ള മലബാറിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യ വിപണന കേന്ദ്രങ്ങളായി നാല് കിയോസ്‌കുകളും ആധുനിക റസ്റ്റോറന്റും ഇതിന്റെ ഭാഗമായി സജീകരിച്ചിട്ടുണ്ട്. 25 പേർക്ക് ഇരിക്കാവുന്ന എട്ടു മേശകൾ സജ്ജീകരിക്കാൻ സാധിക്കുന്നതാണ് ഫ്‌ളോട്ടിംഗ് ഡൈനിംഗ് യൂണിറ്റ്. ഒരു സിംഗിൾ യൂണിറ്റ്, നാല് പേർക്ക് ഇരിക്കാവുന്ന ആറ് സിംഗിൾ യൂണിറ്റുകൾ എന്നിവ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. പുഴയിലൂടെ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്ക് ബോട്ടുകൾ, നാടൻ വളളം, കയാക്കിങ് സംവിധാനം എന്നിവ വഴി ഫ്ലോട്ടിംഗ് ഡൈനിങ്ങിൽ എത്താൻ സാധിക്കും. 

നടപ്പാതയും ഇരിപ്പിടങ്ങളും നടപ്പാതയുടെ ഭാഗമായി പുഴയുടെ മനോഹാരിത വീക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ രണ്ട് ഡെക്കും ഒരുക്കി. ബോട്ടിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഡെക്ക് ഏരിയ പ്രത്യേകമായി നിർമ്മിച്ചിട്ടുണ്ട്. ബോട്ട് ജെട്ടി മാതൃകയിൽ ബോട്ടുകൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഡെക്ക് സംവിധാനം. 

നാറാത്ത് പഞ്ചായത്ത് അംഗം പി മെഹ്റാബി, ഡിടിപിസി സെക്രട്ടറി സൂരജ്, ഡോ. അബ്ദുറഹ്മാൻ പൊയിലൻ, ടി കെ രമേഷ് കുമാർ, അഷ്ഫാഖ്, ഫർഹാൻ എന്നിവർ സംസാരിച്ചു. തുടർന്ന് വോക്കൽ ഡ്യൂഡ് ബാൻഡ് അവതരിപ്പിച്ച സംഗീതനിശ അരങ്ങേറി.