'റേഡിയോ ശ്രീ' ഇനി പത്ത് ലക്ഷം ശ്രോതാക്കളിലേക്ക്

post

കുടുംബശ്രീയുടെ ഓണ്‍ലൈന്‍ റേഡിയോ 'റേഡിയോ ശ്രീ' അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ പത്ത് ലക്ഷം ശ്രോതാക്കളിലേക്ക് എത്തും. ഇതിന്റെ ഭാഗമായി കുടുംബശ്രീ സി ഡി എസ്, എ ഡി എസ്, അയല്‍ക്കൂട്ടം തലത്തില്‍ നടക്കുന്ന പരിപാടികള്‍ എന്നിവ വാര്‍ത്തകളായി നല്‍കും. അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ രചനകള്‍, നാടകങ്ങള്‍, കവിതകള്‍, മികച്ച സംരംഭകരുമായുള്ള അഭിമുഖം, കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വേണ്ട പരിശീലന ക്ലാസ്സുകള്‍ എന്നിവയും സംപ്രേഷണം ചെയ്ത് കൂടുതല്‍ ആളുകളെ ശ്രോതാക്കളാക്കും.

കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് പ്രക്ഷേപണം ആരംഭിച്ച റേഡിയോ ശ്രീക്ക് നിലവില്‍ അഞ്ചു ലക്ഷം ശ്രോതാക്കളുണ്ട്. കണ്ണൂർ ജില്ലയില്‍ ഇരുപതിനായിരവും. ആറ് മണിക്കൂര്‍ വീതമുള്ള നാല് ഷെഡ്യൂളുകളിലായി 24 മണിക്കൂറും റേഡിയോ ശ്രീ പ്രക്ഷേപണം ചെയ്യുന്നുണ്ട്. രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുള്ള ആദ്യ ഷെഡ്യൂളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിന്ദൂരചെപ്പ്, കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്ങ്, സാഹിത്യോത്സവം, ഓഡിയോ ബുക്ക് എന്നീ ആറ് പ്രത്യേക പരിപാടികളാണുള്ളത്. രണ്ട് മണിക്കൂര്‍ ഇടവിട്ട് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, സ്പെഷ്യല്‍ പ്രൊജക്ടുകള്‍, കാലാവസ്ഥ മുന്നറിയിപ്പ് എന്നിവ അറിയിക്കുന്നതിനായി അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്തകളുമുണ്ട്. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍, ഐ ഒ എസ് സ്റ്റോര്‍ അക്കൗണ്ട് വഴിയും 'റേഡിയോ ശ്രീ' അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. www.radioshree.com വെബ്സൈറ്റിലും പ്രക്ഷേപണമുണ്ട്.