തീറ്റപ്പുൽ കൃഷി 3250 ഹെക്ടറിലേക്ക് വ്യാപിപ്പിക്കും; കാലിത്തീറ്റയിൽ സ്വയം പര്യാപ്തത ലക്ഷ്യം

കാലിത്തീറ്റ ഉൽപാദനത്തിൽ കണ്ണൂർ ജില്ലയെ സ്വയം പര്യാപ്തമാക്കാൻ ലക്ഷ്യമിട്ട് 3250 ഹെക്ടർ സ്ഥലത്തേക്ക് കൂടി തീറ്റപ്പുൽ കൃഷി വ്യാപിക്കും. ഇതിനായി മിൽമ, കുടുംബശ്രീ, ദേശീയ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, ജയിൽ വകുപ്പ്, ജല വിഭവ വകുപ്പ്, എന്നിവയുടെ പങ്കാളിത്തത്തോടുകൂടി ക്ഷീരവികസന വകുപ്പ് കൃഷി ചെയ്യാനാവശ്യമായ സ്ഥലം കണ്ടെത്തി ആഗസ്റ്റ് ആദ്യവാരം കൃഷി ആരംഭിക്കും.
ക്ഷീര വികസന വകുപ്പിന്റെ കണക്കനുസരിച്ച് 56000 കന്നുകാലികളാണ് ജില്ലയിൽ ഉള്ളത്. ഇവയ്ക്കായി ക്ഷീരവികസന വകുപ്പിന്റെ കീഴിൽ വരുന്ന 13 ക്ഷീരവികസന യൂണിറ്റുകളിലെ 224 ക്ഷീര സംഘങ്ങൾ 807 ഹെക്ടർ സ്ഥലത്ത് മാത്രമാണ് തീറ്റപ്പുൽ കൃഷി ചെയ്യുന്നത്. ക്ഷീരവികസന വകുപ്പ് പദ്ധതികൾ പ്രകാരം 52 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനുള്ള പുതിയ അപേക്ഷകൾ ഈ വർഷം ക്ഷണിച്ചിട്ടുണ്ട്. ശേഷിക്കുന്ന 2391 ഹെക്ടർ സ്ഥലം കൂടി കണ്ടെത്തി തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കും. സ്ഥല ലഭ്യത സംബന്ധിച്ച് വിശദാംശങ്ങൾ നൽകുന്നതിന് വിവിധ വകുപ്പു മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ തീറ്റപ്പുൽ പദ്ധതി ഏറ്റടുത്ത് നടപ്പാക്കുന്നതോടെ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലെത്താനാകും.
ജില്ലകലക്ടർ അരുൺ. ക. വിജയന്റെ അധ്യക്ഷതയിൽ ജില്ലാതല ടാസ്ക് ഫോഴ്സിന്റെ രൂപീകരണ യോഗം ചേർന്ന് സ്ഥലലഭ്യത സംബന്ധിച്ച് വിവിധ വകുപ്പുകളിൽ നിന്ന് വിശദാംശം തേടി. തീറ്റപ്പുൽ കൃഷിക്ക് സജ്ജരായ ഭൂവുടമകൾ, സ്ഥാപനങ്ങൾ, ഗ്രൂപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ റവന്യൂ, കൃഷി, ക്ഷീരവികസന വകുപ്പുകൾ കണ്ടെത്തണം. കൃഷി ചെയ്യുന്നതിനുള്ള സ്ഥലം കണ്ടെത്തിയാൽ കൃഷി വകുപ്പ് മണ്ണുപരിശോധന ഉൾപ്പെടെ നടത്തി ജലലഭ്യത, മണ്ണിന്റെ ഫലഭൂയിഷ്ടത എന്നിവ ഉറപ്പുവരുത്തും. കർഷകർക്ക് അനുയോജ്യമായ തീറ്റപ്പുൽ വിത്തിനങ്ങൾ കണ്ടെത്തേണ്ടത് മൃഗസംരക്ഷണ വകുപ്പാണ്. കൃഷിവകുപ്പ്, ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്് എന്നിവ കർഷകർക്ക് തീറ്റപ്പുൽ കൃഷി സംബന്ധിച്ച പരിശീലനം, മണ്ണൊരുക്കൽ, നടീൽ വസ്തുക്കളുടെ വിതരണം, ജലസേചനം എന്നീ സൗകര്യങ്ങളൊരുക്കണം. സ്ഥലം കണ്ടെത്തി ആഗസ്റ്റ് ആദ്യവാരം കൃഷി ആരംഭിക്കാനായാൽ ഒക്ടോബർ മാസത്തോടെ തീറ്റപ്പുൽ കന്നുകാലികൾക്ക് നൽകാൻ പാകമാകുമെന്നാണ് ക്ഷീരവികസന വകുപ്പ് കണക്കുകൂട്ടുന്നത്. തീറ്റപ്പുൽ പാകമായാൽ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, മിൽമ എന്നിവയുടെ പങ്കാളിത്തത്തോടെ മുറിക്കുകയും ശേഖരിക്കുകയും ചെയ്യും.