ബദല്‍ ഉല്‍പന്ന മേളയും ഊര്‍ജ സംരക്ഷണ ഉപകരണങ്ങളുടെ പ്രദര്‍ശന വിപണനവും സംഘടിപ്പിച്ചു

post

നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയുടെ ഭാഗമായി കണ്ണൂർ കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ബദല്‍ ഉല്‍പന്ന മേളയും ഊര്‍ജ സംരക്ഷണ ഉപകരണങ്ങളുടെ പ്രദര്‍ശന വിപണനവും സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യൂണിറ്റുകളും ഹരിതകര്‍മ്മ സേനയും നിര്‍മിച്ച പരിസ്ഥിതി സൗഹൃദവും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സഹായിക്കുന്നതുമായ മണ്‍ ചട്ടികള്‍, മണ്‍ പാത്രങ്ങള്‍, മരം കൊണ്ടുള്ള കട്ടിങ് ബോര്‍ഡ്, ക്ലോത്ത് ഹാങ്ങര്‍, ചിരവ, ചപ്പാത്തി പലക, അലങ്കാര വസ്തുക്കള്‍, തുണി സഞ്ചികള്‍, ചണംകൊണ്ട് നിര്‍മ്മിച്ച ഫയല്‍, തൊപ്പികള്‍, പേഴ്‌സുകള്‍, പേപ്പര്‍ ബാഗ്സ്, ചവിട്ടികള്‍, തുടങ്ങിയ വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും നടന്നു. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050 ഓടെ കേരളത്തെ സീറോ കാര്‍ബണ്‍ അവസ്ഥയില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി നടപ്പാക്കി വരുന്ന പഞ്ചായത്ത് കൂടിയാണ് കണ്ണപുരം.

അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ മുഹമ്മദ് റാഷിദ്  ഊര്‍ജ സംരക്ഷണ ക്ലാസെടുത്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ പദ്ധതി വിശദീകരണം നടത്തി. സോളാര്‍ പാനല്‍, ബാറ്ററി എന്നിവയുടെ ഉപയോഗത്തിലൂടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് കുടുംബശ്രീ സി ഡി എസ് അംഗം വിനീത സുരേന്ദ്രന്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി രാമകൃഷ്ണന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

കണ്ണപുരം ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി വിദ്യ,  വികസനകാര്യ  കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി വിനീത, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി രാജന്‍, കണ്ണപുരം പഞ്ചായത്ത് സെക്രട്ടറി പി ബാബുരാജ്, നെറ്റ് സീറോ കാര്‍ബണ്‍ കണ്‍വീനര്‍ സി.വി സത്യാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.