മത്സ്യകൃഷിയില്‍ നേട്ടങ്ങളുമായി രാമന്തളി ഗ്രാമപഞ്ചായത്ത്

post

'മീന്‍ ചിലര്‍ക്ക് കറിയും ചിലര്‍ക്ക് ചോറുമാകുന്നു' എന്ന പ്രയോഗം മത്സ്യകൃഷിയും മത്സ്യബന്ധനവും ഒരു നാടിനോടും ജനതയോടും എത്രത്തോളം ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിന്റെ സൂചനയാണ്. മത്സ്യകൃഷി മേഖലയില്‍ മികവിന്റെ പുതിയ അധ്യായം രചിച്ച് മാതൃകയായ കണ്ണൂർ രാമന്തളി ഗ്രാമപഞ്ചായത്തും അടിവരയിടുന്നത് ജനതയുടെ അതിജീവനത്തിനും മുന്നേറ്റത്തിനും മത്സ്യകൃഷിയും മത്സ്യബന്ധനവും ഇന്നും മുതല്‍ക്കൂട്ടാവുന്നു എന്നാണ്.

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സംസ്ഥാന മത്സ്യക്കൃഷി പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് രാമന്തളി ഗ്രാമപഞ്ചായത്ത്. മത്സ്യമേഖലയിലെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഫിഷറീസ് വകുപ്പ് മുഖേനയുള്ള എല്ലാ പദ്ധതികളും നടപ്പാക്കുന്ന സംസ്ഥാനത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന വിഭാഗത്തിലാണ് രാമന്തളി പഞ്ചായത്തിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി പദ്ധതികളായ കല്ലുമ്മക്കായ കൃഷി, ചെമ്മീന്‍ കൃഷി, നൂതന പദ്ധതികളായ പെന്‍കള്‍ച്ചര്‍, ബയോ ഫ്ലോക് മത്സ്യക്കൃഷി എന്നിവ വളരെ മികച്ചരീതിയിലാണ് പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കിവരുന്നത്.

വടക്ക് കവ്വായി പുഴയും കിഴക്ക് പെരുമ്പ പുഴയും തെക്കുപടിഞ്ഞാറ് അറബിക്കടലുമായി അതിര്‍ത്തി തീര്‍ക്കുന്ന രാമന്തളി പഞ്ചായത്തിന്റെ 15 ല്‍ 13 വാര്‍ഡുകളും തീരദേശ വാര്‍ഡുകളാണ്. ഇവ മത്സ്യബന്ധനത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു. നിരവധിയായ മത്സ്യ തൊഴിലാളികളും മത്സ്യകര്‍ഷകരും അധിവസിക്കുന്ന പഞ്ചായത്താണ് രാമന്തളി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് കുളങ്ങളും കാര്‍പ് മത്സ്യ കൃഷിക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. പാലക്കോട് അഴിമുഖത്തോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തായതിനാല്‍ കല്ലുമ്മക്കായ കൃഷി വിജയകരമായി ചെയ്യുന്ന അന്‍പതോളം കര്‍ഷകര്‍ സമീപപ്രദേശങ്ങളിലുണ്ട്.

ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പാലക്കോട് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, എട്ടിക്കുളം മിനി ലാന്‍ഡിംഗ് സെന്റര്‍ എന്നിവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണിന്റെ പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ മികച്ച രീതിയില്‍ നടന്നു വരുന്നു. 2024-25 വര്‍ഷം മത്സ്യ മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യകൃഷി മേഖലയില്‍ സംസ്ഥാനത്തിന് മാതൃകയാകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ രാമന്തളി പഞ്ചായത്തിന് സാധിക്കുമെന്ന പ്രസിഡന്റ് വി ഷൈമയുടെ വാക്കുകള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കിയതിന്റെ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതാണ്.