കണ്ണൂർ ജില്ലയില്‍ ജനശ്രദ്ധ നേടി പാരന്റിംഗ് ക്ലിനിക്ക്

post

ഉത്തരവാദിത്ത രക്ഷാകര്‍തൃത്വം ഉറപ്പാക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പാരന്റിംഗ് ക്ലിനിക്ക് ജില്ലയില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കുട്ടികളുടെ സ്വഭാവ -വൈകാരിക വ്യതിയാനങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍, കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, പലതരത്തിലുള്ള ആസക്തികള്‍, അനാരോഗ്യകരമായ കുടുംബാന്തരീക്ഷം തുടങ്ങിയവയെ വിദഗ്ദ മാര്‍ഗനിര്‍ദേശങ്ങളിലൂടെ പരിഹരിക്കാന്‍ സഹായിക്കുകയും അതുവഴി കുട്ടികളുടെ ഫലപ്രദമായ വ്യക്തിത്വ വികാസം സാധ്യമാക്കുകയുമാണ് പാരന്റിംഗ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഉത്തരവാദിത്വ രക്ഷാകര്‍തൃത്വക്കുറിച്ച് മാതാപിതാക്കള്‍ക്ക് അവബോധവും രക്ഷാകര്‍തൃത്വത്തില്‍ ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശങ്ങളും പാരന്റിംഗ് ക്ലിനിക്കിലൂടെ നല്‍കി വരുന്നു.

എല്ലാ ശനിയാഴ്ചകളിലും കൗണ്‍സിലര്‍മാരുടെ സേവനം ലഭിക്കും. രണ്ടാം ശനിയാഴ്ചകള്‍ വരുന്ന ആഴ്ചയില്‍ വെള്ളിയാഴ്ച ദിവസമായിരിക്കും സേവനം. 2021 ഏപ്രില്‍ മാസം മുതല്‍ 2025 ജൂണ്‍ മാസം വരെയായി ജില്ലയിലെ 2528 പേര്‍ക്ക് ക്ലിനിക്കിന്റെ സേവനം ലഭ്യമായിട്ടുണ്ട്. റെഫറല്‍ ആവശ്യമുള്ള 129 കേസുകള്‍ ജില്ലാ റിസോഴ്സ് സെന്ററിലും അനുബന്ധ വകുപ്പുകളിലേക്കും റെഫര്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ ഐസിഡിഎസ് പരിധിയില്‍ 11 ബ്ലോക്കുകളിലായി പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് തീര്‍ത്തും സൗജന്യമാണ്.

കുട്ടികളിലെ അക്രമവാസന, മാനസിക സംഘര്‍ഷങ്ങള്‍ മുതലായ പ്രശ്നങ്ങള്‍ക്ക് കാരണം ശരിയായ രക്ഷാകര്‍തൃത്വത്തിന്റെ അഭാവമാണെന്ന പഠനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പഞ്ചായത്തിലും പാരന്റിംഗ് ക്ലിനിക്ക് സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാരന്റിങ് ഔട്ട് റീച്ച് ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ 71 പഞ്ചായത്തുകളിലും ഒന്‍പത് മുനിസിപ്പാലിറ്റികളിലുമായി 619 ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 9772 പേര്‍ പങ്കാളികളായി.