ഊര്‍ജ്ജിതമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഒരുക്കി പാറശ്ശാല താലൂക്കാസ്ഥാന ആശുപത്രി

post

തിരുവനന്തപുരം : കോവിഡ്-19 പ്രതിരോധിക്കുന്നതിനായി ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് പാറശ്ശാല താലൂക്കാസ്ഥാന ആശുപത്രി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.കൊറോണ ഭീഷണിയുടെ തുടക്കം മുതല്‍ തന്നെ ആശുപത്രി അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.കൊറോണ സംശയിക്കുന്ന രോഗികള്‍ മറ്റുള്ള രോഗികളുമായി ഇടപഴകുന്നത് തടയാന്‍ ഒ.പി.യുടെ മുന്നിലായി ഒരു ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.ഹെല്‍പ്പ് ഡെസ്‌ക് മുഖേന രോഗസാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയുകയും അവരെ ഐസൊലേറ്റഡ് കൊറോണ ക്ലിനിക്കിലേക്ക് നയിക്കുകയും ചെയ്യുന്നു.ജനറല്‍ ഒ.പി.യില്‍ നിന്നും വളരെ അകലെയായാണ് കൊറോണ ക്ലിനിക് സ്ഥിതി ചെയ്യുന്നത്. രോഗസാധ്യതയുള്ളവര്‍ക്ക്‌ഹെല്‍പ്‌ഡെസ്‌കില്‍ നിന്നും കൈയുറയും മാസ്‌കും നല്‍കും.പ്രാഥമിക കൗണ്‍സിലിംഗിന് ശേഷമാണ് ഇവരെ കൊറോണ ക്ലിനിക്കിലേക്ക് നയിക്കുന്നത്. പൊതുജനങ്ങളെ ഹാന്‍ഡ് വാഷ് ലിക്വിഡ് ഉപയോഗിച്ച് കൈ കഴുകാതെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.കൈ കഴുകുന്നതിനായി ഒ.പി.യ്ക്ക് മുന്‍ വശത്തായി വാഷിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. കൊറോണ പടരാതിരിക്കാനുള്ള ആരോഗ്യവകുപ്പിന്റെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഓഡിയോ ആശുപത്രിയുടെ പബ്ലിക് അഡ്രസ്സിംഗ് സംവിധാനം വഴി എല്ലായ്പ്പോഴും കേള്‍പ്പിക്കുന്നുണ്ട്.

ജനത കര്‍ഫ്യൂവിന്റെ ദിവസം മുതല്‍ സന്ദര്‍ശകരെ നിയന്ത്രിക്കാനും ഓ.പി.ടോക്കണ്‍ കുറയ്ക്കാനുമുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചു.നിലവില്‍ ഒ.പി.യും ഐ.പി.യും സന്ദര്‍ശകരെ ഉള്‍പ്പെടെ നിയന്ത്രിച്ചിരിക്കുന്നു. അടിയന്തര ശസ്ത്രക്രിയകളും പ്രസവവും നടത്തുന്നുണ്ട്.ഒ.പി.യില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായിബന്ധപ്പെട്ട് തുടര്‍ച്ചയായിഅറിയിപ്പുകളും നല്‍കുന്നുണ്ട്.പേവാര്‍ഡിനെ പരിവര്‍ത്തനം ചെയ്ത് ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കി.സജീവമായ കൊറോണ ഓ.പി.യി.ലൂടെ മാര്‍ച്ച് 10 മുതല്‍ സംശയാസ്പദമായ നൂറിലധികം കേസുകള്‍ കൈകാര്യം ചെയ്തു.ആവശ്യമുള്ള രോഗികളെ മാത്രമേ ഉയര്‍ന്ന കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുള്ളു.എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ട് ഏപ്രില്‍ ആറ് മുതല്‍ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനാ സാമ്പിള്‍ എടുക്കുന്നതിനുള്ള സൗകര്യവും താലൂക്കാസ്ഥാന ആശുപത്രിയില്‍ ആരംഭിച്ചു.

ശുചീകരണ ജീവനക്കാര്‍ സ്പ്രേയര്‍ ഉപയോഗിച്ച് എല്ലാ വാര്‍ഡുകളിലും അണുവിമുക്തമക്കല്‍ പ്രക്രിയ നടത്തുന്നുണ്ട്.ആശുപത്രിഅധികൃതര്‍ നിര്‍ധനരായ രോഗികള്‍ക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും ലഭ്യമാക്കുന്നതിനായുള്ള സഹായ നടപടികള്‍ സ്വീകരിച്ചു.ജീവനക്കാരുടെ നേതൃത്വത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.എന്‍.ജി.ഒ.കളുടെ സഹായത്തോടെ ആശുപത്രിയിലും രോഗികള്‍ക്കും ഭക്ഷണം ലഭ്യമാക്കുകയുംഉദ്യോഗസ്ഥര്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.കമ്മ്യൂണിറ്റി കിച്ചനുകളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ആശുപത്രി സൗജന്യ രക്തപരിശോധന നല്‍കി.ആശുപത്രിയിലെ നിയുക്ത ആംബുലന്‍സ് 24 മണിക്കൂറും സേവനം നല്‍കുന്നു. എം.എല്‍.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, എന്‍.ജി.ഒ.കള്‍ തുടങ്ങിയവ ആശുപത്രിയ്ക്കാവശ്യമായ പിന്തുണ നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.