കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഓഗസ്റ്റ് ഏഴ് വരെ അപേക്ഷകളും ആക്ഷേപങ്ങളും നൽകാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഏഴ് വരെ അപേക്ഷകളും ആക്ഷേപങ്ങളും നൽകാം. https://www.sec.kerala.gov.in വെബ്‌സൈറ്റിലൂടെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷ സമർപ്പിക്കാം. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച ഹിയറിംഗും അപ്‌ഡേഷനും ഓഗസ്റ്റ് 29ന് പൂർത്തിയാക്കണം. ഓഗസ്റ്റ് 30 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ജില്ലയിൽ കരട്പട്ടിക പ്രകാരം 2125594 വോട്ടർമാരുണ്ട്. 987319 പുരുഷന്മാരും 1138256 സ്ത്രീകളും 19 ട്രാൻസ്‌ജെൻഡർമാരുമാണുള്ളത്.
ഓൺലൈൻ അപേക്ഷപ്രകാരമുള്ള ഹിയറിംഗ്‌നോട്ടീസിലെ നിശ്ചിതതീയതിയിൽ യഥാർത്ഥ രേഖകൾസഹിതം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ)ക്ക് മുന്നിൽ ഹാജരാകാം. ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സെക്രട്ടറിയാണ് ഇ.ആർ.ഒ. കൊല്ലം കോർപ്പറേഷന്റെ ഇ.ആർ.ഒ അഡീഷണൽ സെക്രട്ടറിയാണ്.
കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലുമോ https://www.sec.kerala.gov.in വെബ്‌സൈറ്റിലൂടെയോ വോട്ടർ പട്ടിക പരിശോധിക്കാമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിർമൽ കുമാർ അറിയിച്ചു.