ജനകീയ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലം ജില്ലയില്‍ തുടക്കമായി

post

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായ ജനകീയ ശുചീകരണപരിപാടികള്‍ക്ക് കൊല്ലം ജില്ലയില്‍ തുടക്കമായി. കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജൈവ-അജൈവ, ഖര, ദ്രാവക മാലിന്യങ്ങള്‍ കൃത്യമായി ശേഖരിച്ച് യഥാക്രമം സംസ്‌കരിച്ച് പരിസരം വൃത്തിയായിസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ഓര്‍മിപ്പിച്ചു. രാജ്യത്തെ മികച്ച വൃത്തിയുള്ള നഗരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്വച്ഛ് സര്‍വേഷന്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയ്ക്ക് 100 റാങ്കിനുള്ളില്‍ ഇടം പിടിക്കാന്‍ സാധിച്ചതെന്നും പറഞ്ഞു.  

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് സുബോധ് അധ്യക്ഷനായി. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ ഷൈനി, ആര്‍.പിമാര്‍, ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശുചിത്വ-മാലിന്യസംസ്‌കരണസംവിധാനങ്ങളുടെ സുസ്ഥിരതയും സമ്പൂര്‍ണതയും കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍-ഇതരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാമാസവും മൂന്നാമത്തെ വെളളിയാഴ്ചയാണ് ശുചീകരണം. പൊതുയിടങ്ങളില്‍ ജനകീയശുചീകരണപ്രവര്‍ത്തനം എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയും.