കര്‍ക്കിടക ഫെസ്റ്റ്: പരമ്പരാഗത ആരോഗ്യ-ഭക്ഷ്യമേളയുമായി കുടുംബശ്രീ

post

പഞ്ഞമാസത്തില്‍ പഴമയുടെരുചിയും ഔഷധസംരക്ഷണവും പകര്‍ന്നു നല്‍കി കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്‍. കലക്ടറേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ജില്ലാതല കര്‍ക്കിടക ഭക്ഷ്യമേളയിലൂടെയാണ് ലക്ഷ്യത്തിലെത്തുക. ഉദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു.

മണ്‍പാത്രത്തില്‍ വിളമ്പിനല്‍കുന്ന ചൂടുള്ള കര്‍ക്കിടക കഞ്ഞിയും പത്തിലതോരനും ചമ്മന്തിയും ആണ് മുഖ്യആകര്‍ഷണം. 70 രൂപ വിലവരുന്ന ഔഷധഗുണമേറിയ കര്‍ക്കിടകകഞ്ഞി പ്ലാവില കുമ്പിളില്‍ കുടിക്കാം. ജില്ലയിലെ 13 യൂണിറ്റുകളിലെ കുടുംബശ്രീസംരംഭകരുടെ ഭക്ഷ്യ- ഭക്ഷ്യേതര ഉല്‍പന്നങ്ങളും വിപണനത്തിനായുണ്ട്. 30 മുതല്‍ 40 രൂപ വരെയുള്ള കടല പരിപ്പ്, മത്തന്‍, പപ്പായ, അടപ്രഥമന്‍, മില്ലെറ്റ് പായസം ഇനങ്ങളും.  

റാഗി ലഡു, കിണ്ണത്തപ്പം, അരിയുണ്ട, ഗോതമ്പ് ഇലയട, ചക്കപുഴുങ്ങി ഉണക്കിയത് തുടങ്ങിയ ലഘുഭക്ഷണങ്ങളും ഔഷധചുക്ക്കാപ്പിയും ലഭ്യമാണ്. തേന്‍, ലിപ്ബാം, സോപ്പ് തുടങ്ങിയ തേന്‍-ബീവക്സ് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ലേഹ്യങ്ങള്‍, ഔഷധകൂട്ടുകള്‍, സൗന്ദര്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയും വാങ്ങാം. പാഴ്‌സലും കിട്ടും.  പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് മേളയുടെ നടത്തിപ്പ്.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ബി ഉമേഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ വിഷ്ണു പ്രസാദ്, ആതിര കുറിപ്പ്, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തന സമയം. മേള ജൂലൈ 26ന് അവസാനിക്കും.

കര്‍ക്കിടക ഔഷധകഞ്ഞി, മില്ലറ്റ്ഉല്‍പ്പന്നം എന്നിവ സാധാരണക്കാരിലേക്ക് എത്തിക്കുകയും കഫേ സംരംഭകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.