കരുനാഗപ്പള്ളിയിൽ ഹൈടെക്ക് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊല്ലം കരുനാഗപ്പള്ളി നഗരസഭയിലെ ഒമ്പതാം ഡിവിഷനിലെ 35 ആം നമ്പര്‍ അങ്കണവാടിയുടെ ഹൈടെക്ക് കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ ഇടങ്ങള്‍ ഒരുക്കി മികച്ചഅന്തരീക്ഷം ഉറപ്പാക്കുകയാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.
മികച്ച അങ്കണവാടികളും അനുബന്ധ പദ്ധതികളും കൂടുതലായുള്ളത് കേരളത്തിലാണ്. കുട്ടികളുടെ ശാരീരിക-മാനസികവളര്‍ച്ചയെ സഹായിക്കുന്ന അന്തരീക്ഷം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ശീതീകരണ സംവിധാനങ്ങളുള്‍പ്പെടെയുള്ള സ്മാര്‍ട്ട് അങ്കണവാടിയാണ് ഒരുക്കിയിട്ടുള്ളത്. പുതിയ ഭക്ഷണമെനു നടപ്പാക്കുന്നതിനായി 35 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്.
ആശുപത്രികള്‍, ഫാക്ടറികള്‍, തീരദേശ വികസനം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. വിദ്യാഭ്യാസത്തിലും കേരളം മുന്നിലാണ്. ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്തരിച്ച മുന്‍ എം.എല്‍.എ ആര് രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
കരുനാഗപ്പള്ളി എം.എല്‍.എ സി ആര് മഹേഷ് അധ്യക്ഷനായി. നഗരസഭ ചെയര്മാന് പടിപ്പുര ലത്തീഫ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷഹനാ നസീം, മത്സ്യഫെഡ് ചെയര്മാന് റ്റി.മനോഹരന്, നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം ശോഭന, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് റജി ഫോട്ടോപാര്‍ക്ക്, മുന്‍ നഗരസഭ ചെയര്മാന് കോട്ടയില്‍ രാജു തുടങ്ങിയവര്‍ പങ്കെടുത്തു.