അഭിരുചികള്‍ക്ക് ഇടമൊരുക്കി ക്രിയേറ്റീവ് കോര്‍ണര്‍; 35 സ്‌കൂളുകളില്‍ പ്രവര്‍ത്തനമാരംഭിച്ചു

അഭിരുചികള്‍ക്ക് പുത്തന്‍ വേദിയും പഠന ലക്ഷ്യങ്ങള്‍ക്ക് പുതിയ മുഖച്ഛായയും നല്‍കിക്കൊണ്ട് ജില്ലയിലെ യു.പി ക്ലാസുകളിലെ കുട്ടികള്‍ക്കായി ഒരുക്കിയ ക്രിയേറ്റീവ് കോര്‍ണര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സമഗ്രശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലൂടെ ജില്ലയിലെ 35 വിദ്യാലയങ്ങളിലാണ് ക്രിയേറ്റീവ് കോര്‍ണര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. എല്‍ഇഡി ബള്‍ബ് മേക്കിങ്, കാര്‍പെന്‍ഡറി, ഡിസൈനിങ്, കുക്കിംഗ്, അഗ്രികള്‍ച്ചര്‍ ഫാമിംഗ് എന്നീ മേഖലകളിലുള്ള ക്ലാസുകളാണ് ക്രിയേറ്റീവ് കോര്‍ണറിലൂടെ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പ്ലംബിംഗ് ഉപകരണങ്ങള്‍, ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍, തയ്യില്‍ മെഷീന്‍ എന്നിവയും ലാബിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും ഉള്‍പ്പെടുത്തിയാണ് ഓരോ സ്‌കൂളിലും ക്രിയേറ്റീവ് കോര്‍ണര്‍ തയ്യാറാക്കിയത്. 10 സെഷനുകളായി നടത്തുന്ന ക്ലാസുകള്‍ തികച്ചും സൗജന്യമാണ്. വിദ്യാഭ്യാസവും തൊഴിലഭ്യാസവും കൈകോര്‍ത്തുള്ള ഈ പദ്ധതി വിദ്യാഭ്യാസരംഗത്തെ വലിയൊരു ചുവടുവെപ്പാണ്.
സമഗ്രശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലൂടെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത്. വൈദ്യുതീകരിച്ചതും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതും ചുരുങ്ങിയത് 400 ചതുരശ്ര അടിയെങ്കിലുമുള്ള മുറികളാണ് ക്രിയേറ്റീവ് കോര്‍ണറിനായി ഉപയോഗിക്കുന്നത്. അഞ്ചര ലക്ഷം രൂപയാണ് ഓരോ സ്‌കൂളുകള്‍ക്കും അനുവദിക്കുന്നത്.പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആക്ടിവിറ്റികളാണ് ക്രിയേറ്റീവ് കോര്‍ണറിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. കുട്ടികള്‍ക്ക് തങ്ങളുടെ അഭിരുചികളെ തിരിച്ചറിയാനും വികസിപ്പിക്കാനും സാധിക്കുന്നതിനോടൊപ്പം നിശ്ചയിച്ചിട്ടുള്ള പഠന ലക്ഷ്യങ്ങള്‍ നേടി തൊഴിലിനോടും തൊഴിലെടുക്കുന്നവരോടും അനുകൂല മനോഭാവം വളര്‍ത്തിയെടുക്കാനും ക്രിയേറ്റീവ് കോര്‍ണര്‍ സഹായിക്കും.
കണ്ണൂര്‍ ജില്ലയിലെ ജിയുപിഎസ് വയക്കര, ജിയുപിഎസ് നുച്ചിയാട്, ജിഎച്ച്എസ്എസ് ഇരിക്കൂര്‍, ജിയുപിഎസ് പയ്യാവൂര്‍, ജിയുപിഎസ് എരുവേശ്ശി, ജിയുപിഎസ് കരയത്തുംചാല്‍, ജിയുപിഎസ് വിളക്കോട്, ജിയുപിഎസ് തില്ലങ്കേരി, ജിഎച്ച്എസ് പെരിങ്കരി, ജിഎച്ച്എസ്എസ് ചാവശ്ശേരി, ജിഎച്ച്എസ്എസ് ആറളം ഫാം, ജിയുപിഎസ് വെക്കളം, ഗവ. ടൗണ്‍ എച്ച്എസ്എസ് കണ്ണൂര്‍, ജിടിയുപിഎസ് കണ്ണവം, ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ്, ജിബിഎച്ച്എസ്എസ് മാടായി, ജിസിയുപിഎസ് കുഞ്ഞിമംഗലം, ജിയുപിഎസ് പുറച്ചേരി, ഗവ. മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍, എംടിഎസ് ജിയുപിഎസ് മട്ടന്നൂര്‍, ജിഎച്ച്എസ്എസ് മമ്പറം, ജിഎച്ച്എസ്എസ് അരോളി, ജിയുപിഎസ് പോത്തംകണ്ടം, ജിയുപിഎസ് കുറ്റൂര്‍, ജിഎംയുപിഎസ് പെരുമ്പ, ജിയുപിഎസ് കൂക്കാനം, ജിഎച്ച്എസ്എസ് വെള്ളൂര്‍, ജിയുപിഎസ് പരപ്പ, ജിഎച്ച്എസ് പാച്ചേനി, ടാഗോര്‍ വിദ്യാനികേതന്‍ ജിവിഎച്ച്എസ്എസ്, ജിഎച്ച്എസ് കാലിക്കടവ്, ജിയുപിഎസ് അയ്യലത്ത്, ഡയറ്റ് ലാബ് സ്‌കൂള്‍ പാലയാട്, ജിഎച്ച്എസ്എസ് മൊറാഴ, ജിയുപിഎസ് മൊറാഴ എന്നീ 35 വിദ്യാലയങ്ങളിലാണ് ക്രിയേറ്റീവ് കോര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്‌കൂളുകളില്‍ ഒരുക്കിയ ക്രിയേറ്റീവ് കോര്‍ണര്‍ പ്രദേശത്തെ മറ്റു പൊതുവിദ്യാലയങ്ങള്‍ക്കും പ്രയോജനപ്പെടുത്താം.