മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിത കേരളം മിഷൻ പുരസ്‌കാരം

ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കിയ ഏറ്റവും മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിത കേരളം മിഷൻ പുരസ്‌കാരം നൽകുന്നു. ഏറ്റവും മികച്ച മൂന്ന് പച്ചത്തുരുത്തുകൾക്ക് ജില്ലാതല പുരസ്‌കാരവും ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച അഞ്ച് പച്ചത്തുരുത്തുകൾക്ക് സംസ്ഥാനതല പുരസ്‌കാരവുമാണ് നൽകുക. പച്ചത്തുരുത്തുകളിലെ വൃക്ഷ - സസ്യ വൈവിധ്യങ്ങൾ, പച്ചത്തുരുത്ത് സംരക്ഷണത്തിന് സംഘാടക സമിതി വഹിക്കുന്ന പങ്ക്, ജൈവവേലി, വിവരവിജ്ഞാന ബോർഡുകൾ തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് പുരസ്‌കാരങ്ങൾ നല്കുന്നത്. ഇതിനായി ജില്ലാ- സംസ്ഥാന തലത്തിൽ രൂപീകരിച്ച വിദഗ്ധ സമിതികൾ സംസ്ഥാനത്തൊട്ടാകെ പച്ചത്തുരുത്തുകൾ സന്ദർശിച്ചു വരികയാണ്. ജില്ലാതല പുരസ്‌കാരം സെപ്തംബർ ആദ്യവാരം കണ്ണൂരിലും സംസ്ഥാനതല പുരസ്‌കാരം ഓസോൺ ദിനമായ സെപ്തംബർ 16 ന് തിരുവനന്തപുരത്തും സമ്മാനിക്കും.
ജില്ലയിൽ 329 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. ആഗസ്റ്റ് 30 നകം പച്ചത്തുരുത്തിന്റെ എണ്ണം 425 ആയി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്ഥലനാമ വൃക്ഷങ്ങൾ നട്ടുവളർത്തുന്ന പച്ചത്തുരുത്തുകളും വംശനാശം വന്നു കൊണ്ടിരിക്കുന്ന വൃക്ഷങ്ങൾ നട്ടുവളർത്തുന്ന പച്ചത്തുരുത്തുകളും ജില്ലയിൽ വ്യാപിപ്പിക്കും. ജില്ലയിലെ പച്ചത്തുരുത്തുകളിൽ തൈകൾക്ക് വളർച്ചയുള്ള പത്ത് പച്ചത്തുരുത്തുകളുടെ കാർബൺ സംഭരണ ശേഷി കണക്കാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.