തലമുറകളെ വായനയിലേക്ക് ചേർത്തുപിടിച്ച് വായനപക്ഷാചരണത്തിന് സമാപനം

ഇനിയുമെറേ അറിയാനുണ്ടെന്ന തിരിച്ചറിവിൽ, നന്നായി വായിക്കുന്നവരെ നല്ല മനുഷ്യരാകൂയെന്ന് ഓർമപ്പെടുത്തി ഇക്കൊലത്തെ വായനപക്ഷാചരണം സമാപിച്ചു. ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ല ശിശുക്ഷേമ സമിതി, ജില്ല ലൈബ്രറി കൗൺസിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സമാപനസമ്മേളനം ടി.കെ.ഡി.എം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ എഴുത്തുകാരൻ സലിൻ മാങ്കുഴി ഉദ്ഘാടനം ചെയ്തു. ഏകാഗ്രത, ചിന്ത, പഠനം എന്നിവ വളർത്താൻ വിശാലമായ വായനയ്ക്ക് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. വായന ഉത്പാദനക്ഷമമായിരിക്കണം, ചിന്തയിൽ നിന്ന് വൈവിധ്യങ്ങളായ ആശയങ്ങൾ രൂപീകരിക്കാം. ഇത് പുസ്തകങ്ങളെ വിപുലീകരിക്കാനും വികസിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തിയ ഭാഷാപ്രശ്‌നോത്തരി മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ഹൈസ്‌കൂൾ വിഭാഗത്തിൽ 10-ാം ക്ലാസ് വിദ്യാർഥി ആർ യദുകൃഷ്ണൻ, എച്ച്.എസ്.എസ് വിഭാഗത്തിൽ എസ്. വിജയ്, വി.എച്ച്.എസ്.സി വിഭാഗത്തിൽ എസ്. ഗോകുൽ കൃഷ്ണൻ എന്നിവരാണ് വിജയികളായത്. 10-ാം ക്ലാസ് വിദ്യാർഥിനി സാരംഗി വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ' പുസ്തകം പരിചയപ്പെടുത്തി.
ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) രാകേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി മത്സരവിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈൻദേവ് അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ സ്വാഗതം പറഞ്ഞു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സിനി വർഗീസ്, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി.എം. ബിന്ദു, സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ. ഗീത, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. എസ്. ശൈലേന്ദ്രൻ, ജില്ല ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കറവൂർ എൽ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.