ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

post

സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളിലാണ് കുടുംബശ്രീയുടെ 'മാ കെയർ' പദ്ധതിയെത്തുന്നത്. വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ സ്കൂൾ കോമ്പൗണ്ടിലെ കിയോസ്കിൽ തന്നെ ലഭിക്കുന്നതാണ് പദ്ധതി.

കിയോസ്കുകൾ സ്ഥാപിക്കാൻ സ്ഥലം ലഭ്യമല്ലെങ്കിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്ലാസ് മുറികൾ ഇതിനായി ഉപയോഗിക്കും. കിയോസ്കിൽ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിലാണ് വിൽപ്പന നടത്തുക.

കുടുംബശ്രീ വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഉപജീവന മേഖല ശക്തിപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് മാ കെയർ കിയോസ്ക് പദ്ധതി നടപ്പാക്കുക. സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ പുറത്തു പോകുന്നത് ഒഴിവാക്കാനാകുമെന്നതിന് പുറമെ അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്ന സാഹചര്യങ്ങൾക്ക് തടയാനും സാധിക്കും.

കിയോസ്കുകൾ നടത്താൻ താൽപര്യമുള്ള സംരംഭകരെ സിഡിഎസിന്റെ പിന്തുണയോടെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളും ഊർജിതമാണ്. തെരഞ്ഞെടുക്കുന്നവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭ മാതൃകയിൽ കിയോസ്ക് നടത്തുന്നതിനാവശ്യമായ പരിശീലനം നൽകും. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം എന്നിവ വഴി സംരംഭം ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും.