വനിതകൾക്ക് സംരഭകത്വവികസനത്തിന് പരിശീലനത്തിന് അപേക്ഷിക്കാം

post

ഇടുക്കി ജില്ലയിലെ 18 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് വേണ്ടി കേരള സംസ്ഥാന വനിതാ വികസനകോർപ്പറേഷന്റെ നേതൃത്വത്തിൽ സംരംഭകത്വ വികസന പരിശീലന പരിപാടികൾ ആരംഭിക്കുന്നു. 12 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനായി തെരഞ്ഞെടുക്കും. സ്ത്രീകളെ സ്വയം പര്യാപ്തതയിലേയ്ക്ക് നയിക്കുന്നതിലേയ്ക്കായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂർവ്വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും ലഭിക്കും. 12 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2400 രൂപ യാത്രാബത്ത നൽകും. മിനിമം യോഗ്യത പത്താം ക്ലാസ്സ് പഠനം. അവിവാഹിതർ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ, സാമ്പത്തികമായി പിന്നോക്കവും നിലവിൽ തൊഴിൽ ഇല്ലാത്തവർക്കും മുൻഗണന നൽകും.

പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകൾക്ക് സ്വന്തമായി യൂണിറ്റുകൾ ആരംഭിച്ച് തൊഴിലവസരങ്ങൾ സ്യഷ്ടിക്കുന്നതിനും ഭാവിയിൽ സ്വയം പര്യാപ്തത നേടുന്നതിന് വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണ് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്നവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയിൽ പേര്, മേൽവിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, നിലവിൽ ഏതെങ്കിലും തൊഴിൽ ഉണ്ടെങ്കിൽ ആ വിവരം, വാർഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തണം. രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ/വോട്ടേഴ്സ് ഐ.ഡി എന്നിവയുടെ പകർപ്പ് , ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, വിദ്യാഭ്യാസയോഗ്യതയുടെയും റേഷൻ കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഇടുക്കി ജില്ലാ ഓഫീസിൽ ജൂലൈ 15 ന് മുൻപായി സമർപ്പിക്കണം. വിലാസം- ജില്ലാ കോ-ഓർഡിനേറ്റർ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, ജില്ലാ ഓഫീസ്, ഒന്നാം നില, ജില്ലാ പഞ്ചായത്ത് കോംപ്ലക്‌സ്, ചെറുതോണി പി.ഒ. ഇടുക്കി-685602. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ- doldukki@kswdc.org .ഫോൺ-04862-291478, 8281956522.