പാട്യം ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു

post

പാട്യം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ആത്മ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷകസഭയും കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ വാങ്ങുന്ന എസ് എം എ എം പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പും ഇതോടൊപ്പം നടന്നു. ചെറുവാഞ്ചേരി അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിലാണ് നടീൽ വസ്തുക്കളുടെ വിൽപ്പനയും തദ്ദേശ കർഷകരുടെ പച്ചക്കറി വിപണനവും സംഘടിപ്പിച്ചത്. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ അധ്യക്ഷയായി. വിള ഇൻഷുറൻസ് പദ്ധതിയായ പി എം എഫ് ബി വൈ യെക്കുറിച്ച് വിള ഇൻഷുറൻസ് ജില്ലാ കോ ഓർഡിനേറ്റർ ടി.ടി.കെ വിഷ്ണു ക്ലാസ്സെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി സുജാത, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ കോമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് ഫായിസ് അരുൾ, കാർഷിക വികസന സമിതി അംഗം വി രാജൻ, കൃഷി ഓഫീസർ സി.വി ആനന്ദ്, കൃഷി അസിസ്റ്റന്റ് അനു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.

ഞാറ്റുവേല ചന്തയും കർഷകസഭയും നടത്തി മൊകേരി പഞ്ചായത്ത്

മൊകേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റേയും ആത്മ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. കെ.പി.മോഹനൻ എം എൽ എ കർഷകയായ പി.പി ലക്ഷ്മിക്ക് തെങ്ങിൽ തൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ അധ്യക്ഷനായി. സൂര്യന്റെ രാശിയും കാലാവസ്ഥാ വ്യതിയാനവും നിരീക്ഷിച്ച് കൃഷിപ്പണി ആരംഭിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കാനാണ് എല്ലാ വർഷവും ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നത്. മിതമായ നിരക്കിൽ അത്യുൽപാദന ശേഷിയുള്ള നടീൽ വസ്തുക്കളും ജൈവവളങ്ങളും പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കർഷകർക്കും സൗജന്യമായി പച്ചക്കറി വിത്തുകളും മരച്ചീനി തണ്ടുകളും വിതരണം ചെയ്തു. വിള ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് വിള ഇൻഷുറൻസ് ജില്ലാ കോ ഓർഡിനേറ്റർ വിഷ്ണു ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജശ്രി, വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി മുകുന്ദൻ, വി.പി റഫീഖ്, വി.പി ഷൈനി, കർഷക സമിതി അംഗങ്ങളായ ടി.പി രാജൻ, ഹരിദാസ് മൊകേരി, കൃഷി ഓഫീസർ വി.പി.സോണിയ, അസി. കൃഷി ഓഫീസർ അജേഷ്‌കുമാർ എന്നിവർ സംസാരിച്ചു. വാർഡ് അംഗങ്ങളായ പ്രസന്ന ദേവരാജ്, പി അനിത, അനിൽ വള്ള്യായ്, ഷിജിന പ്രമോദ്, എൻ വനജ, എൻ.കെ.തങ്കം, കെ.എം നീഷ്മ, കൃഷി അസിസ്റ്റന്റ് വി.കെ റിജിൻ, പി.കെ ഷിൽജിത്ത് എന്നിവർ പങ്കെടുത്തു.