ഓണക്കാലത്ത് 'എനിക്കും വേണം ഖാദി' ക്യാമ്പയിനുമായി ഖാദിബോർഡ്

post

വിവിധ ഉൽപ്പന്നങ്ങളുടെ വിൽപനയിലൂടെ 100 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ആഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ നാലു വരെ 'എനിക്കും വേണം ഖാദി' എന്ന ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ കണ്ണൂർ പയ്യാമ്പലം റസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റിനൊപ്പം 25 ലക്ഷം രൂപയുടെ സമ്മാന പദ്ധതികളും ഓണക്കാലത്ത് നടപ്പിലാക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും നൽകും. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഖാദി ട്രെൻഡ്സ് ആൻഡ് വൈബ്സ് വഴിയുള്ള കസ്റ്റമൈസ്ഡ് ഉൽപ്പന്നങ്ങൾ, ഖാദി ബാഗുകൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ ഓൺലൈൻ വിപണനം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ സഹായത്തോടെയുള്ള ഡീസിന്റെ വസ്ത്രങ്ങളുടെ വിപണനം എന്നിവ ഖാദിയുടെ വിറ്റുവരവിലും സ്വീകാര്യതയിലും വലിയ വർദ്ധനവ് ഉണ്ടാക്കി. ഇറ്റലി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഖാദി വസ്ത്രങ്ങളുടെ കയറ്റുമതി ആരംഭിച്ചത് മറ്റൊരു നാഴികക്കല്ലാണെന്നും പി.ജയരാജൻ പറഞ്ഞു.

വരുമാന വർധന ലക്ഷ്യമിട്ട് ഖാദി ബോഡിന്റെ വസ്തുക്കളുടെ ഉപയോഗ സാധ്യത പരിശോധിക്കുന്നതിന് സ്‌പെഷ്യൽ ഓഫീസറെ നിശ്ചയിച്ചതായി പി.ജയരാജൻ പറഞ്ഞു. ഓഫീസർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വസ്തുക്കൾ വരുമാനദായകമായി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും. പ്രാരംഭഘട്ടമായി ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ധാരണയിലെത്തുകയും കണ്ണൂർ പാപ്പിനിശ്ശേരി, കാസർഗോഡ് മാവുങ്കൽ എന്നിവിടങ്ങളിൽ പെട്രോൾ ഔട്‌ലെറ്റുകൾ ഉടൻ തുടങ്ങുകയും ചെയ്യും. ഖാദി കോഓപ്പറേറ്റീവ് സൊസൈറ്റികൾ, പട്ടികജാതി പട്ടികവർഗ്ഗ ഖാദി സൊസൈറ്റികൾ എന്നിവയുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനുമായി വിവിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പി.ജയരാജൻ പറഞ്ഞു.

പാട്യംസ് സൂപ്പർ സ്റ്റിഫി വിപണിയിലിറക്കി

പാട്യം സോഷ്യൽ സർവീസ് സൊസൈറ്റി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് എസ് ഇ ജി പി സ്‌കീം പ്രകാരം നിർമ്മിക്കുന്ന പാട്യം സൂപ്പർ സ്റ്റിഫി ആഫ്റ്റർ വാഷ് - ഫാബ്രിക് എൻഹാൻസർ വിപണിയിലിറക്കി. ഉൽപ്പന്നങ്ങളുടെ ആദ്യവില്പന ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഖാദി ഉപഭോക്താവായ നാസറിന് നൽകി. ഒരു ലിറ്റർ, 500 മി.ലി, 200 മി.ലി ബോട്ടിലിന്റെ ഉൽപ്പന്നങ്ങൾക്ക് 210, 110, 50 രൂപയാണ് വിപണന നിരക്ക്. ഖാദി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലുടനീളമുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും ഉൽപന്നങ്ങൾ ലഭ്യമാണ്.

പയ്യാമ്പലം റസ്റ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലും വിപണനോദ്ഘാടനത്തിലും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗങ്ങളായ മുൻ എംപി എസ് ശിവരാമൻ, കെ.പി രണദിവെ, കമല സദാനന്ദൻ, കെ എസ് രമേശ് ബാബു, സാജൻ തോമസ്, കെ ചന്ദ്രശേഖരൻ, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ കെ എ രതീഷ്, പാട്യം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർമാരായ കെ. പി പ്രദീപൻ മാസ്റ്റർ, എ സുരേഷ്, എൻ രമേഷ് ബാബു, കെ.സി.സദാനന്ദൻ, ചെയർമാൻ കെ.പി ആനന്ദ്, മാനേജിംഗ് ഡയറക്ടർ സി പ്രകാശൻ എന്നിവരും പങ്കെടുത്തു.