ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി തീരുമാനമെടുക്കാൻ കഴിയണം: മുഖ്യമന്ത്രി

post

കണ്ണൂരിൽ മേഖലാതല അവലോകന യോഗം സംഘടിപ്പിച്ചു 

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗം സംഘടിപ്പിച്ചു.

ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാൻ വേണ്ടി കഴിയണം എന്നതാണ് ഉദ്യോഗസ്ഥർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമെന്ന് യോഗത്തിന്റെ സമാപനം കുറിച്ച് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നമ്മുടെ തലത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടൽ സാധാരണ രീതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനം അതത് തലത്തിൽ എടുത്ത് പോവണം. ആ തീരുമാനം സർക്കാറിന് വേണ്ടിയുള്ളതാണ്. നിലവിലുള്ള നിയമവും ചട്ടവും പ്രകാരം എടുക്കുന്ന തീരുമാനമാണ്. അത്തരം തീരുമാനം എടുക്കുന്നതിന് കൃത്യമായ പരിരക്ഷയും സർക്കാറിൽനിന്നുണ്ടാവും. ആരും അതിൽ ശങ്കിച്ചുനിൽക്കാൻ പാടില്ല.

തെള്ളായിരത്തോളം സേവനങ്ങളാണ് ഓൺലൈനാക്കിയത്. നല്ല വേഗത ഇതിലുണ്ടായിട്ടുണ്ട്. താലൂക്ക് തല അദാലത്തിൽ പല കാര്യങ്ങളിലും തീരുമാനം ഉണ്ടായിട്ടുണ്ട്. വിവിധ തലത്തിൽ ജനങ്ങളുമായുള്ള സംവേദനം നാം നടത്തി. നവകേരള സദസ്സ് അതിന്റെ ഭാഗമായിരുന്നു. നാലാം വാർഷികത്തിന്റെ ഭാഗമായി മന്ത്രിമാരെല്ലാം പങ്കെടുത്ത ചർച്ചയും പ്രഭാതയോഗവും നടന്നു. നല്ല ഫലം ചെയ്ത കാര്യമാണത്. വേഗതയിൽ കാര്യങ്ങൾ നിർവഹിക്കുക. തെറ്റായ രീതിയിൽ ചിത്രീകരിക്കപ്പെടാം. ആ ചിത്രീകരണം വന്നോട്ടെ. പക്ഷേ, നല്ല ദിശാബോധത്തോടെയാണ് നാം നീങ്ങുന്നത്. ഓരോ മേഖലയിലും കാര്യങ്ങൾ നിർവഹിക്കുന്നതിലൂടെ അതിന്റേതായ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞു.

നാടിന്റെ പൊതുവായ കാര്യങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് തീരുമാനങ്ങൾ എടുത്തുപോവാൻ ശ്രദ്ധിക്കണം. ചുമതലകൾ കൃത്യമായി നിർവഹിക്കാൻ സാധിക്കണം. നമ്മളിലൂടെ ചെയ്യേണ്ട കാര്യങ്ങൾ കൃത്യതയോടെ, ഒരു തെറ്റായ രീതിയിലും നീങ്ങാതെ സംശുദ്ധമായ രീതിയിൽ നിർവഹിക്കാനാവണം.

സർക്കാർ എന്ന് പറയുമ്പോൾ, മന്ത്രിസഭ നയപരമായ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുമെങ്കിലും സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് താഴെ തലം മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥ വൃന്ദമാണ്. സംസ്ഥാനത്തിന്റെ പൊതുവായ നേട്ടങ്ങൾ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിലൂടെയാണ് നമുക്ക് നേടിയെടുക്കാൻ സാധിക്കുക. സംസ്ഥാനത്തെ ജനങ്ങൾ ഒട്ടേറെ ആവശ്യങ്ങളുമായി, പരാതികളുമായി വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ വിവിധ തലങ്ങളിലുള്ള ഭരണ കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ട്. നാം ഭരിക്കുന്നവരും, ഇങ്ങനെ സമീപിക്കുന്നവർ ഭരിക്കപ്പെടുന്നവരും എന്ന ചിന്ത ഉണ്ടാവാൻ പാടില്ല. ഭരിക്കുന്നവർ എന്ന് പറയുന്നവർ ആ വിഭാഗത്തിന്റെ ദാസൻമാരാണ്. അവരാണ് പലപ്പോഴും വല്ലാത്ത അതൃപ്തിയിലാവുന്നത്. വല്ലാതെ കാലതാമസം പല കാര്യങ്ങളിലും ഉണ്ടാവുന്നത് അവരിൽ വലിയ അസംതൃപ്തി സൃഷ്ടിക്കും. സാധാരണ രീതിയിൽ സംസ്ഥാനത്തുണ്ടാവുന്ന ഫയലുകൾ വളരെ കൂടുതലാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ പൊതുവേ വേഗത കൂടിയിട്ടുണ്ട്. എന്നാൽ, ഇനിയും നല്ല തോതിൽ വേഗത കൂട്ടാൻ പറ്റണം. ഫയൽ അദാലത്തിലൂടെ ഫലപ്രദമായി കാര്യങ്ങൾ നിവഹിക്കാനാവണം. കൃത്യമായി സെക്രട്ടറിമാർ മോണിറ്റർ ചെയ്ത്, ചീഫ് സെക്രട്ടറിതലത്തിലുള്ള പരിശോധനയും ഉണ്ടാവുന്ന ഒന്നാണ് ഫയൽ അദാലത്ത്.


നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം

കേരളത്തിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയ്ക്ക് നല്ല പ്രവർത്തനം നടക്കുന്ന, ആരും അംഗീകരിക്കുന്ന ചില മേഖലകൾ ഉണ്ട്. അടുത്ത കാലത്തെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും, എങ്ങനെയാണ് ആ കാര്യങ്ങളെ മാറ്റി മാറിക്കാൻ ശ്രമിക്കുകയെന്ന്. നല്ലത് അതേ നിലയ്ക്ക് നിൽക്കാൻ പാടില്ലെന്ന് സമൂഹത്തിൽ ചിലർക്ക് താൽപര്യമുണ്ട്. നിർഭാഗ്യവശാൽ, വാർത്തകൾ കൊടുക്കേണ്ട മാധ്യമങ്ങളാണ് ഇപ്പോൾ അതിന് മുൻകൈ എടുക്കുന്നത്. മാധ്യമങ്ങൾക്ക് ന്യൂസ് അവതരിപ്പിക്കാനല്ല, അവരുടേതായ വ്യൂസ് അവതരിപ്പിക്കാനാണ് താൽപര്യം.

കേരളത്തിനകത്തും പുറത്തും പരക്കേ അംഗീകാരമുള്ളതാണ് നമ്മുടെ ആരോഗ്യ സംവിധാനം. നമ്മുടെ ആരോഗ്യ മേഖല നല്ല നിലയിൽ മെച്ചപ്പെട്ടുനിൽക്കുന്നതാണ്. അത് നേരത്തെയുള്ളതുമായി താരതമ്യപ്പെടുത്തിയാൽ നല്ല നിലയ്ക്ക് അഭിവൃദ്ധിപ്പെട്ടുവന്നിട്ടുണ്ട്. ആ അഭിവൃദ്ധി യാദൃച്ഛികമായി ഉണ്ടായതല്ല, ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമായി തന്നെയാണ്. അതിന്റെ ഭാഗമായി ആര്യോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ല തോതിൽ വർധിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ കാണാൻ കഴിയുന്നത്, ഈ ആരോഗ്യമേഖലയെ എങ്ങിനെ തെറ്റായി ചിത്രീകരിക്കാൻ പറ്റും എന്ന ശ്രമമാണ്. അതിന് കേന്ദ്രീകരിക്കുന്നത് മെഡിക്കൽ കോളജുകളിലാണ്. നമ്മുടെ കേരളത്തിലെ പൊതു അഭിപ്രായം മെഡിക്കൽ കോളജുകളൊക്കെ നല്ല രീതിയിൽ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു എന്നതാണ്. പക്ഷേ, തെറ്റായ ഒരു ചിത്രം അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ധാരണ നമ്മൾ എല്ലാവർക്കും ഉണ്ടാവണം. നല്ല കാര്യങ്ങൾ ചെയ്യുന്നു എന്നതു കൊണ്ടുമാത്രം നല്ലത് അങ്ങനെ തന്നെ അവതരിപ്പിക്കപ്പെടണം എന്നില്ല. ബോധപൂർവ്വം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ്, തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയാണ്.

കേരളത്തിൽ പൊതുവേ റോഡ് മെച്ചപ്പെട്ടതാണ്. വരില്ലെന്ന് കണക്കാക്കിയ ദേശീയപാത യാഥാർഥ്യമാവുന്നു. വളരെ ദൈർഘ്യമേറിയ റോഡിൽ ചിലയിടത്ത് ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി, റോഡ് പരിശോധിക്കാൻ ചില മാധ്യമങ്ങൾ പുറപ്പെടുകയാണ്. നമ്മുടെ കേരളത്തിലെ പ്രസിദ്ധമായ ഒരു മാധ്യമം അതിനായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ മേഖലയിലും ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രത്യേക ടീമിനെ നിയോഗിക്കുകയാണ്. ഇത് എല്ലാവരും ജാഗ്രതയോടെ കാണേണ്ട കാര്യമാണ്. നെഗറ്റീവായ കാര്യങ്ങൾ വലിയ തോതിൽ ഉയർത്തിക്കാട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിൽ ശ്രദ്ധിക്കേണ്ട കാര്യം, ജോലിയോടുള്ള ആത്മാർഥതയുടെ ഭാഗമായി ഏതെങ്കിലും തരത്തിൽ കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കിടുന്ന അവസ്ഥ വന്നാൽ അത് തെറ്റായി ചിത്രീകരിക്കപ്പെടുകയാണ്.

ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നു

തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. പക്ഷേ നല്ല അർപ്പണ ബോധത്തോടെ ജോലി എടുക്കുന്ന, അഴിമതി തീണ്ടാത്ത, ആത്മാർഥതയോടെ ജോലി എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. പക്ഷേ, അത്തരം ഒരാൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നിൽ അനുഭവ പാഠമായിരിക്കണം. എല്ലാ കാര്യവും പൂർണമായിരിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല. നമ്മുടെ മെഡിക്കൽ കോളജുകളിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകൾക്കാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ആ ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങൾ ചിലപ്പോൾ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. അത് എല്ലാ കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്‌നത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു അതൃപ്തി ഉണ്ടായാൽതന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം പുറത്തുവിട്ടാൽ അത് നാം നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി നേടുന്നതിന് നമ്മുടെ സംസ്ഥാനത്തിനായിട്ടുണ്ട്. എല്ലാ മേഖലയിലും കൂടിയാണത് വന്നിട്ടുള്ളത്. എന്നാൽ അഴിമതി തീരെ ഇല്ലാതായി എന്ന് നമുക്കാർക്കും ഇപ്പോൾ പറയാൻ കഴിയില്ല. അഴിമതി പൂർണമായി ഇല്ലാതാക്കാനുള്ള കൂട്ടായ ശ്രമമാണ് നടക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻ കുട്ടി, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, ഒ ആർ കേളു, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കോഴിക്കോട് കലക്ടർ സ്‌നേഹിൽകുമാർ സിംഗ്, വയനാട് കലക്ടർ ഡി.ആർ മേഘശ്രീ, കാസർകോട് കലക്ടർ കെ. ഇൻപശേഖരൻ, നാല് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ യോഗം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഡിജിപി രവാഡാ ചന്ദ്രശേഖർ പങ്കെടുത്ത് പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.