കേരളത്തിൽ തൊഴിൽ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കും : മുഖ്യമന്ത്രി

post

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ വനിതാ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷവും കോളേജ് ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു

തൊഴിലുകൾ നേടുന്നതിനുള്ള അവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായി കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ വനിതാ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷവും കോളേജ് ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിവർത്തിപ്പിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക നിലവാരം ഉയർത്തുന്നതിനുമായി ഒട്ടേറെ ഇടപെടലുകളാണ് സംസ്ഥാനം നടത്തിയിട്ടുള്ളത്. കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മാത്രമല്ല സർവകലാശാലകൾ കേന്ദ്രമാക്കി 200 കോടി രൂപ മുതൽമുടക്കി സ്ഥാപിക്കുന്ന ട്രാൻസ്ലേഷൻ റിസർച്ച് ലാബുകൾ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ് വർദ്ധിപ്പിക്കുന്നു. നാലുവർഷ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം ബിരുദ പഠന സമ്പ്രദായത്തെ ഉടച്ചുവാർക്കുന്ന രീതിയിലേക്ക് ഉയർന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവേഷണ മേഖലയ്ക്ക് വലിയ പ്രോത്സാഹനമാണ് സംസ്ഥാനം നൽകുന്നത്. മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്ക് ബിരുദ തലം മുതൽ ബിരുദാനന്തര പഠനം വരെ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് കേരളത്തിൽ നൽകിവരുന്നു. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളും രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന റിസർച്ച് അവാർഡുകളും കേരളത്തിൽ നൽകി വരികയാണ്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ ഇടപെടലുകൾ ഫലം കാണുന്നു എന്നതാണ് സർവ്വകലാശാലക്കും കോളേജുകൾക്കും ലഭിക്കുന്ന ദേശീയ അംഗീകാരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതലമുറ ആഗ്രഹിക്കുന്നത് ലോകോത്തര കോഴ്സുകൾ പഠിക്കുന്നതിനാണ്. കേരളത്തിന്റെ ആദ്യ വിശ്വപൗരൻ എന്നറിയപ്പെടുന്ന വി കെ കൃഷ്ണമേനോന്റെ പേരിലുള്ള ഈ കോളേജിന് കണ്ണൂർ ജില്ലയുടെ വൈജ്ഞാനിക മുന്നേറ്റത്തിൽ മികച്ച സംഭാവന നൽകാൻ സാധിച്ചിട്ടുണ്ട്. അക്കാദമിക രംഗത്ത് എന്നപോലെ കായിക രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ ഈ കലാലയം കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്‌ബി പദ്ധതി പ്രകാരം 13 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൃഷ്ണ മേനോൻ സ്മാരക ഗവ വനിതാ കോളേജിൽ ഉടൻ ആരംഭിക്കുമെന്ന് പരിപാടിയിൽ അധ്യക്ഷയായ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. അക്കാദമിക് ബ്ലോക്ക്, കാന്റീൻ കം സെമിനാർ കോംപ്ലക്സ്, ലൈബ്രറി ബ്ലോക്ക് തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കോളേജിൽ ഏറ്റവും പെട്ടെന്ന് പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മുൻഗണന മേഖലയാണ് ഉന്നത വിദ്യാഭ്യാസ മേഖല. കഴിഞ്ഞ നാലു വർഷത്തിനിടെ 6000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.  

 വിദ്യാഭ്യാസ മേഖലയിൽ കേരളം എക്കാലത്തും ഒന്നാം സ്ഥാനത്താണെന്ന് മുഖ്യാതിഥിയായിരുന്ന മ്യൂസിയം പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

വിശ്വപൗരനായ കൃഷ്ണമേനോന്റെ പേരിലുള്ള ഈ കലാലയം ഉത്കർഷത്തിൽ നിന്ന് ഉത്കർഷത്തിലേക്ക് കുതിച്ചു പോകട്ടെ എന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കഥാകാരൻ ടി.പദ്മനാഭൻ ആശംസിച്ചു. കൃഷ്ണമേനോൻ എന്ന മഹത് വ്യക്തിയുടെ പേരിലുള്ള ഈ കോളേജിലെ പുതുതലമുറ അദ്ദേഹം ഉയർത്തിയ ആശയങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.


വയനാട് മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള സ്നേഹഭവനകളുടെ നിർമാണത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സംസ്ഥാന നാഷണൽ സർവീസ് സ്കീം ഒന്നാംഘട്ടമായി സമാഹരിച്ച 4.5 കോടി രൂപയുടെ ചെക്ക് അധികൃതർ മുഖ്യമന്ത്രിക്ക് കൈമാറി. 

കോർപറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ, കെ.വി. സുമേഷ് എം.എൽ. എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ എന്നിവർ മുഖ്യാതിഥികളായി. തലശ്ശേരി പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തൈയിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും കോർപറേഷൻ കൗൺസിലറുമായ എൻ. സുകന്യ, കോർപറേഷൻ കൗൺസിലർമാരായ കൂക്കിരി രാജേഷ്, എ. കുഞ്ഞമ്പു, ടി. രവീന്ദ്രൻ, അസിസ്റ്റന്റ് കലക്ടർ എഹ്ദതെ മുഫസിർ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.കെ. ടി.ചന്ദ്രമോഹനൻ, വൈസ് പ്രിൻസിപ്പൽ സി. പി. സന്തോഷ്‌, സർവ്വകലാശാല യൂണിയൻ ചെയർ പേഴ്സൺ ആര്യ രാജേന്ദ്രൻ, കോളേജ് ചെയർപേഴ്സൺ ടി. കെ.ഷാനിബ, മുൻ എം. പി. കെ.കെ. രാഗേഷ്, പി. ടി. എ വൈസ് പ്രസിഡന്റ് കെ. പ്രവീൺ, ഇടച്ചേരി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ആർ. അനിൽകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

CM