പേ വിഷബാധ ബോധവത്ക്കരണ ക്യാമ്പയിന് തുടക്കമായി

post

കുട്ടികളില്‍ പേ വിഷബാധയ്‌ക്കെതിരെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം വിമലഹൃദയ സ്‌കൂളിലെ പ്രത്യേക അസംബ്ലിയില്‍ കൊല്ലം ജില്ലാ ആരോഗ്യ വകുപ്പ് സര്‍വലന്‍സ് ഓഫീസര്‍ ഡോ. സിന്ധു ശ്രീധരന്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഫ്രാന്‍സീനി മേരി അധ്യക്ഷയായി. അധ്യാപിക ഡോ. ആനി അനില്‍ പ്രതിരോധ ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പേ വിഷബാധയ്ക്ക് കാരണമാകുന്ന പട്ടി, പൂച്ച, അണ്ണാന്‍ തുടങ്ങിയ മൃഗങ്ങള്‍ കടിച്ചാല്‍ മുറിവ് 20 മിനിറ്റ് സോപ്പുപയോഗിച്ചു കഴുകേണ്ടതും ആശുപത്രിയില്‍ എത്തിക്കുകയും വേണം. കടിയേറ്റ ഭാഗം ഒരിക്കലും പൊതിഞ്ഞു കെട്ടരുത്. വാക്സിനോടുള്ള വിമുഖത ഒഴിവാക്കണമെന്ന് അവബോധ ക്ലാസില്‍ വ്യക്തമാക്കി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ബോധവത്ക്കരണം നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പയിന്‍ വ്യാപിപ്പിക്കും.

വെറ്ററിനറി സര്‍ജന്‍ ഡോ. ചിഞ്ചു ബോസ്, ജില്ല എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഷാലിമ ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ പങ്കെടുത്തു.