കോവിഡ് 19: കരുതല്‍ നടപടികളുമായി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ്

post

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കോവിഡ് ബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍ എന്നിവരുടെ വീടുകളിലെ പക്ഷിമൃഗാദികളുടെ വിവരം ശേഖരിച്ച് ജില്ലാ മൃഗസംരക്ഷണവകുപ്പ്. കോവിഡ്ബാധ മനുഷ്യരില്‍ നിന്നു മൃഗങ്ങളിലേക്കു ബാധിക്കാതിരിക്കാന്‍ പക്ഷിമൃഗാദികളുടെ പരിചരണത്തില്‍ പാലിക്കേണ്ട കരുതല്‍ നടപടികള്‍ അതതു മൃഗാശുപത്രികളില്‍ നിന്നു ഉടമകള്‍ക്കു നല്‍കും. അവയുടെ ആരോഗ്യവിവരങ്ങള്‍ ഫോണിലൂടെ അന്വേഷിക്കുകയും രോഗലക്ഷണങ്ങളുണ്ടായാല്‍ പരിശോധന സാമ്പിളുകള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും അതതു മൃഗാശുപത്രികളില്‍ വഴി ലഭ്യമാകും.

ഐരൂര്‍ പഞ്ചായത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വ്യക്തിക്ക് കോവിഡ്ബാധ സ്ഥരീകരിച്ചതിനെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന വളര്‍ത്തുനായ മൃഗസംരക്ഷണ വകുപ്പിന്റ പ്രത്യേക നിരീക്ഷണത്തിലാണ്. നായ പൂര്‍ണആരോഗ്യവാനാണ്. ഈ പശ്ചാത്തലത്തിലാണു മൃഗസംരക്ഷണവകുപ്പ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ 427 വീടുകളിലെ പക്ഷിമൃഗാദികളാണു നിരീക്ഷണത്തിലുള്ളത്. 299 വളര്‍ത്തുനായകള്‍, 48 വളര്‍ത്തു പൂച്ചകള്‍, 176 കന്നുകാലികള്‍, 56 കറവ പശുക്കള്‍, 123 ആടുകള്‍, 2305 കോഴി, താറാവുകള്‍ എന്നിവയാണു നിരീക്ഷണത്തിലുള്ളത്. 

അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ വെറ്ററിനറി ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മൃഗാശുപത്രികളിലും അടിയന്തര ചികിത്സ ലഭ്യമാണ്. ബ്ലോക്ക് അടിസ്ഥാനത്തില്‍ ലഭ്യമായ രാത്രികാല അടിയന്തര മൃഗചികിത്സാസേവനപദ്ധതിയും തുടര്‍ന്നു വരുന്നു. പ്രത്യേക രോഗലക്ഷണങ്ങള്‍ക്കു  നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി ജില്ലാ ക്ലിനിക്കല്‍ ലാബ് പത്തനംതിട്ട, തിരുവല്ല മഞ്ഞാടിയിലുള്ള ഏവിയന്‍ ഡിസീസ് ഡയഗ്‌നോസിസ് ലാബ്, തിരുവനന്തപുരത്തുള്ള സ്റ്റേറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസ് എന്നിവ മുഖേന സാമ്പിളുകളുടെ പരിശോധന, പോസ്റ്റ്മോര്‍ട്ടം എന്നിവയും ലഭ്യമാണ്.

കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ പ്രാദേശിക ലഭ്യത ഉറപ്പാക്കാന്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്നു കാര്യമായി ഇടപെടല്‍ നടത്തിവരികയാണു മൃഗസംരക്ഷണ വകുപ്പ്. മൃഗാശുപത്രികള്‍, ക്ഷീരസംഘങ്ങള്‍, മില്‍മാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. പാല്‍സംഭരണ വിതരണകേന്ദ്രങ്ങളില്‍ വ്യക്തിഅകലം പാലിക്കുന്നതിനും, സംഭരണം സുഗമമായി നടത്തുന്നതിനു ക്ഷീരവികസനവകുപ്പ് ആവശ്യമായ സജീകരണം ഉറപ്പാക്കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും കാലിത്തീറ്റ, വൈയ്ക്കോല്‍ എന്നിവ എത്തിക്കുവാന്‍ ഫാം ഉടമകള്‍ക്ക് ആവശ്യമായ വാഹനപാസ്  ലഭിക്കാന്‍വേണ്ട സഹായങ്ങള്‍ ലഭ്യമാക്കും. ഇതിനായി ഫാമുകളുടെ വിവരം പോലീസിന് നല്‍കിയിട്ടുണ്ട്. 

ജില്ലയില്‍ മൃഗസംരക്ഷണ മേഖലയുടെ കൊറോണകാല നിരീക്ഷണത്തിനും നിര്‍ദേശങ്ങള്‍ക്കുമായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. വിശദമായ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഈ നമ്പരുകളില്‍ ബന്ധപ്പെടാം. മൃഗസംരക്ഷണ വകുപ്പ് -9447391371, 9446560650, ക്ഷീരവികസന വകുപ്പ് 9446500490, 9496694944, മില്‍മ 9446414418.