ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കൂഫേ ആരംഭിച്ചു

ഇരിക്കൂർ ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച സ്‌കൂഫെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറി സ്‌കൂളുകളിലും നടപ്പിലാക്കുന്ന കഫേ അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായാണ് സ്‌കൂഫെ ആരംഭിച്ചത്. കുട്ടികൾക്ക് ശുദ്ധവും ഗുണനിലവാരമുള്ളതുമായ ഭക്ഷണപദാർത്ഥങ്ങൾ, ആവശ്യമായ പഠനോപകരണങ്ങൾ എന്നിവ സ്‌കൂൾ വളപ്പിനുള്ളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്‌കൂഫെ. ഇതിനോടകം ജില്ലയിൽ 54 സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഒരു സ്‌കൂളിന് സ്‌കൂഫെ ആരംഭിക്കുന്നതിന് രണ്ടര ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ധനസഹായം നൽകുന്നത്.
കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ എം.വി ജയൻ പദ്ധതി വിശദീകരണം നടത്തി. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി നസീർ, ടി.സി നസിയത്ത്, എൻ.കെ സുലൈഖ, എം.പി ശബ്‌നം, എൻ കെ കെ മുഫീദ, സ്‌കൂൾ പ്രിൻസിപ്പൽ ടി റീന, ഹെഡ്മാസ്റ്റർ പി.പി അഷ്‌റഫ്, സിഡിഎസ് ചെയർപേഴ്‌സൺ ടി.പി ജുനൈദ എന്നിവർ സംസാരിച്ചു.