മാലിന്യമില്ല ദുര്‍ഗന്ധമില്ല: ഇത് നീരൊഴുക്കുംചാലിന്റെ വീണ്ടെടുപ്പ്

post

അഞ്ചു വർഷം മുൻപ് ടൺ കണക്കിന് മാലിന്യം കുമിഞ്ഞുകൂടി ഈച്ചയാർത്ത് ദുർഗന്ധം വമിച്ചിരുന്ന ചിറക്കൽ പഞ്ചായത്തിലെ നീരൊഴുക്കുംചാൽ ഇന്ന് ശുചിത്വത്തിന്റെ ഉത്തമ മാതൃകയായി മാറിയിരിക്കുന്നു. ഇച്ഛാശക്തിയുള്ള ഭരണസമിതിയുടെയും ജനങ്ങളുടെയും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഈ പരിവർത്തനത്തിന് പിന്നിൽ. സംസ്ഥാനത്തുടനീളം നടക്കുന്ന മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ തെളിമയോടെ ചേർത്തുവെക്കാവുന്നൊരു വിജയഗാഥയാണ് നീരൊഴുക്കുംചാലിന്റേത്.

ഏകദേശം 48 വർഷത്തോളം ചിറക്കൽ പഞ്ചായത്തിന്റെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു നീരൊഴുക്കുംചാൽ. തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായിരുന്ന ഇവിടം ഒരു നാടിന്റെയാകെ സാമൂഹിക പ്രശ്‌നമായി മാറിയിരുന്നു. അഞ്ചു വർഷം മുൻപ് അധികാരത്തിലെത്തിയ പഞ്ചായത്ത് ഭരണസമിതി, പ്രസിഡന്റ് പി. ശ്രുതിയുടെ നേതൃത്വത്തിൽ, നീരൊഴുക്കുംചാലിലെ മാലിന്യമല ഇല്ലാതാക്കുക എന്നതായിരുന്നു ആദ്യ തീരുമാനമെടുത്തത്.


തുടക്കത്തിൽ മാലിന്യം നീക്കുന്ന പ്രവർത്തനങ്ങൾക്ക് കടുത്ത പ്രതിസന്ധികൾ നേരിട്ടു. ഒരു ഭാഗത്ത് മാലിന്യം നീക്കം ചെയ്യുമ്പോൾ മറുഭാഗത്ത് ആളുകൾ പുതിയ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. പുതിയതെരു അടക്കമുള്ള ടൗണുകളിലെയും മാർക്കറ്റിലെയും ജൈവ, അജൈവ മാലിന്യങ്ങളാണ് പ്രധാനമായും ഇവിടെ തള്ളിയിരുന്നത്. ഇതിന് പരിഹാരമായി, പ്രസിഡന്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെയും വ്യാപാരികളടക്കം മുഴുവൻ ജനങ്ങളെയും വിളിച്ചു ചേർത്ത് വലിയൊരു ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കുകയും ചെയ്തത് ഫലം കണ്ടു. ഇതോടെ പുതിയതായി മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നത് പൂർണമായി നിലച്ചു.

കഴിഞ്ഞ നാലു വർഷം പ്രതിബദ്ധതയോടെ നടത്തിയ പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് വഴിയൊരുക്കിയത്. ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പിന്തുണയും സഹായ സഹകരണങ്ങളും ഈ പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടായി.

നിലവിൽ മാലിന്യമൊഴിഞ്ഞ ഒരേക്കർ 40 സെന്റ് സ്ഥലത്ത് വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ആധുനിക രീതിയിലുള്ള ഒരു ഓഡിറ്റോറിയം നിർമ്മിക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. കൂടാതെ, ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനായി ഒരു പ്ലാന്റ് സ്ഥാപിക്കാനും ഉദ്ദേശിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മാലിന്യമുക്തവും ശുചിത്വ സുന്ദരവുമായ ഒരു ആധുനിക നവ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രയാണത്തിൽ നീരൊഴുക്കുംചാൽ ഒരു അനിതര സാധാരണമായ മാതൃക തീർക്കുകയാണ്.