താലൂക്ക് ലൈബ്രറി സംഗമം സംഘടിപ്പിച്ചു

post

പുതുതലമുറയെ വായനയിലേക്ക് ആകര്‍ഷിക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊട്ടാരക്കരയില്‍ താലൂക്ക് ലൈബ്രറി സംഗമം സംഘടിപ്പിച്ചു. ധന്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

പുതുതലമുറയെ സാമൂഹികമാധ്യമങ്ങള്‍മാത്രം ആശ്രയിക്കാതെ വായനയിലേക്കും ആകര്‍ഷികണമെന്ന് മന്ത്രി പറഞ്ഞു. അച്ചടി മാധ്യമങ്ങളുടെ സ്വാധീനം പുതുതലമുറയില്‍ കുറയുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കില്‍നിന്നും ശരിയായവാര്‍ത്തകള്‍ തിരിച്ചറിയാന്‍ വായന അത്യാവശ്യമാണ്. നവീന ആശയങ്ങളുമായി പുതുതലമുറ എഴുത്തുകാര്‍ മുന്നോട്ട് വരുന്നുണ്ട്. യുദ്ധസാഹചര്യങ്ങളില്‍ അകപ്പെടുന്ന മനുഷ്യരുടെ ദയനീയാവസ്ഥ തിരിച്ചറിയാനും പുസ്തകങ്ങള്‍ അവസരമൊരുക്കുന്നു. ആയുധശേഖരങ്ങളുടെ പ്രയോഗത്തില്‍ നശിക്കുന്ന ജീവിതങ്ങളുടെ വ്യാപ്തി തിരിച്ചറിയുമ്പോഴാണ് വായന സാര്‍ഥകമാകുക. ഇവിടെയാണ് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രസക്തിയേറുന്നത്. വായനശാലകള്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ഓര്‍മിപിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ റീഡിം​ഗ് തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയ ലൈബ്രറികളുടെ പ്രതിനിധികളെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബീന സജീവ്, സെക്രട്ടറി ബി എസ് ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.