ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വയോജനസൗഹൃദമാകുന്നു

post

വയോജനസൗഹൃദ അന്തരീക്ഷം ഒരുക്കി മാതൃകയാകാൻ ഒരുങ്ങുകയാണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്. ലക്ഷ്യത്തിലേക്കെത്തുന്നതിന് വിവിധ പദ്ധതികളാണ് നടപ്പിലാക്കുക. 59 വയസ് പൂർത്തിയായ എല്ലാവരെയും അംഗങ്ങളാക്കി വയോജന കൂട്ടായ്മകൾ രൂപീകരിച്ചുകഴിഞ്ഞു.

വയോജന കൂട്ടായ്മയും സൗഹൃദവും പരസ്പരവിശ്വാസവും വളർത്തിയെടുത്ത് അവരുടെ കഴിവുകളും അനുഭവജ്ഞാനവും നാടിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിനാണ് പദ്ധതികൾ. കലാ ട്രൂപ്പുകൾ, ഇതര വിനോദപ്രവർത്തനങ്ങൾ, ചെറുതൊഴിലുകൾ, ആരോഗ്യപരിരക്ഷ, കൗൺസലിംഗ്, അവകാശങ്ങളെകുറിച്ചുള്ള ബോധവത്ക്കരണം നൽകൽ തുടങ്ങിയവ സാധ്യമാക്കും. പ്രതിവാരം ഓരോ അംഗങ്ങളുടെയും വീടുകളിലായി ചേരുന്ന യോഗത്തിൽ വയോജനങ്ങളുടെ പ്രശ്‌നങ്ങൾക്കും പരിഹാരനിർദേശങ്ങളുണ്ടാകും. ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് വേണ്ട പിന്തുണ നൽകുന്നതിനും മുൻഗണന നൽകും.

ഒരു വാർഡിലെ അടുത്തടുത്തുള്ള 50 വീടുകളിലെ 59 വയസ് പൂർത്തിയാക്കിയവരെ ചേർത്ത് വയോജന കൂട്ടായ്മയും തിരഞ്ഞെടുത്തവരെ ചേർത്ത് വാർഡ് വയോജന ക്ലബും രൂപീകരിച്ചു. പഞ്ചായത്ത്തല വയോജന ക്ലബുകളും രൂപീകരിച്ചു. ഓരോന്നിന്റെയും മേൽനോട്ടത്തിന് പ്രത്യേക സമിതിയുമുണ്ട്. പകൽവീടിന്റെയും അനുബന്ധപരിപാടികളുടെയും ചുമതല ക്ലബുകൾക്കാണ്.

ആശങ്കകൾ, തർക്കങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്ത്തല ഉപദേശക സമിതിയും രൂപീകരിച്ചു. പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും വയോജനസൗഹൃദഅന്തരീക്ഷം ഉറപ്പാക്കേണ്ടതും സമിതിയുടെ ചുമതലയാണ്. നിയമം, ആരോഗ്യം, സാമൂഹികം, ഐ.ടി, കൗൺസിലിങ് തുടങ്ങിയ മേഖലയിൽ ഉള്ളവരുടെ വിദഗ്ധ സമിതിയും പഞ്ചായത്ത്തല വയോജന ക്ലബിനെ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.

വാർഡ്-പഞ്ചായത്ത്തലങ്ങളിൽ പ്രവർത്തിക്കുന്ന വയോജന ക്ലബുകൾക്ക് ഒത്തുകൂടാൻ പകൽ വീടിനോട് ചേർന്ന് ഓഫീസ് പ്രവർത്തിക്കും. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ഫോൺ, പ്രിന്റർ തുടങ്ങിയ ഭൗതിക സംവിധാനങ്ങളും ഉറപ്പാക്കും. ഒറ്റപ്പെട്ട് താമസിക്കുന്ന ആളുകളെ വിളിച്ചു കൊണ്ടുവരാനും തിരികെയെത്തിക്കാനും കെയർ ടേക്കറെയും വാഹന സൗകര്യവും ലഭ്യമാക്കും. മൂന്ന് നേരം ഭക്ഷണവും ഉറപ്പാക്കും. യോഗ ക്ലാസുകൾ, മാനസിക ഉല്ലാസത്തിനായുള്ള പരിപാടികളും സംഘടിപ്പിക്കും.

വീടുകളിലെത്തി സർവേനടത്തി നടപടികൾ പൂർത്തീകരിക്കുന്നതിന് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുത്ത ഫാക്കൽറ്റിമാരെ നിയോഗിച്ചിട്ടുണ്ട്. വയോജനങ്ങളുടെ വീടുകളിൽ പോയി രക്തംശേഖരിച്ച് പരിശോധനഫലം അറിയിക്കുന്ന പദ്ധതിയും പഞ്ചായത്തിൽ ഉടൻ ആരംഭിക്കുമെന്നും അടുത്ത മാസത്തോടെ വയോജന സൗഹൃദ പഞ്ചായത്തായി ചാത്തന്നൂരിനെ പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് എസ്. കെ ചന്ദ്രകുമാർ പറഞ്ഞു.