തലശ്ശേരി സെന്റിനറി പാര്‍ക്കിന്റെ നവീകരണ പ്രവൃത്തി അവസാന ഘട്ടത്തില്‍

തലശ്ശേരിയില്‍ എത്തുന്നവര്‍ക്ക് ഒഴിവുസമയം ചെലവഴിക്കാനും അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കാനും മുഖം മിനുക്കി തലശ്ശേരി സെന്റിനറി പാര്‍ക്ക് സജ്ജമാവുന്നു. 2.2 കോടി രൂപ ചെലവഴിച്ച് തലശ്ശേരി കോപ്പറേറ്റീവ് റൂറല്‍ ബാങ്കാണ് പാര്‍ക്ക് നവീകരിക്കുന്നത്. കാടുപിടിച്ച് അകത്തുകയറാന്‍ സാധിക്കാത്ത രീതിയിലായിരുന്നു നേരത്തെ പാര്‍ക്കിന്റെ അവസ്ഥ. പൊതുജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പാര്‍ക്കിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. തലശ്ശേരി നഗരസഭ പാര്‍ക്ക് നടത്തിപ്പ് 10 വര്‍ഷത്തേക്ക് ബാങ്കിന് കൈമാറിയിരിക്കുകയാണ്.
കുട്ടികളുടെ പാര്‍ക്ക്, സാംസ്‌കാരിക പരിപാടികള്‍ നടത്താനുള്ള സൗകര്യം, സ്‌കേറ്റിങ് യാര്‍ഡ്, ഓപ്പണ്‍ ജിം, ജിമ്മിന് ചുറ്റും നടക്കാനുള്ള സൗകര്യം എന്നിവയും പാര്‍ക്കില്‍ ഒരുങ്ങുന്നുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാ റാണി പറഞ്ഞു. തലശ്ശേരിയുടെ പൈതൃകവും ചരിത്രവുമെല്ലാം ആലേഖനം ചെയ്യുന്ന വലിയ ചുമര്‍ചിത്രങ്ങളും പാര്‍ക്കില്‍ ഒരുങ്ങുന്നുണ്ട്. ഓണത്തിന് മുമ്പായി പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിലവില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല.