ഒരു തൈ നടാം, ഓര്‍മ്മയുടെ ഒരു തണല്‍ നടാം; ഓര്‍മ്മമരം നട്ട് ജില്ലാപഞ്ചായത്ത് അംഗങ്ങള്‍

കാലാവസ്ഥാ വ്യതിയാനത്തിന് മരമാണ് മറുപടി എന്ന മുദ്രാവാക്യവുമായി ജില്ലാ പഞ്ചായത്തിലെ 35 അംഗങ്ങളും ഓര്‍മ്മ മരങ്ങള്‍ നട്ടു. മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ ചട്ടുകപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള ആരൂഡം ക്യാമ്പസിലാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഓര്‍മ്മ മരം നട്ടത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി ആദ്യ തൈ നട്ടു. മുഴുവന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ഓര്‍മ്മ മരം നട്ടു. 35 ഫലവൃക്ഷ തൈകളാണ് നട്ടത്. ഒരു തൈ നടാം - വൃക്ഷവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് ഫലവൃക്ഷ തൈകള്‍ നട്ടത്. സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് ഒരു തൈ നടാം എന്ന ക്യാമ്പയിന്‍ നടക്കുന്നത്. സെപ്തംബര്‍ മാസത്തോടെ ഒരു കോടി വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍. ഹരിതകേരളം മിഷന്‍ 2019 ല്‍ നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സമഗ്ര വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനവും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകളാണ് പ്രധാനമായും നട്ടുപിടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എന്‍.വി ശ്രീജിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസണ്‍ ജോണ്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.