കുമാരനാശാൻ ചരമശതാബ്ദി; കുമാരകോടിയിലേക്ക് സാഹിത്യയാത്ര സംഘടിപ്പിച്ചു

post

കുമാരനാശാന്റെ ചരമശതാബ്ദിയുടെ ഭാഗമായി കൊല്ലത്തു നിന്നും പല്ലന കുമാരകോടിയിലേക്ക് ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തകരും എഴുത്തുകാരും സാഹിത്യയാത്ര സംഘടിപ്പിച്ചു. കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടിയിൽ പുഷ്പാർച്ചന നടത്തി. പല്ലന കുമാരനാശാൻ സ്മാരകത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണൻ അധ്യക്ഷനായി. ഡോ. വള്ളിക്കാവ് മോഹൻദാസ്, ഡോ. കെ. ബി. ശെൽവമണി എന്നിവർ ആശാന്റെ കാവ്യലോകം എന്ന വിഷയത്തെ മുൻനിർത്തി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ശുഭ വയനാടും സംഘവും അവതരിപ്പിച്ചു. ശശിധരൻ കുണ്ടറ, അപ്സര ശശികുമാർ, ആശ്രാമം ഓമനക്കുട്ടൻ, ശിവരാജൻ കോവിലഴികം, ബിനീഷ്, ആർ. സുജാകുമാരി എന്നിവർ ആശാൻ കവിതകൾ ആലപിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാർ, ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. തിലകരാജ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, കൊല്ലം താലൂക്ക് പ്രസിഡന്റ് പി. ഉഷാകുമാരി, സെക്രട്ടറി അഡ്വ. കെ. പി. സജിനാഥ്, കുന്നത്തൂർ താലൂക്ക് സെക്രട്ടറി എസ്. ശശികുമാർ എന്നിവർ സംസാരിച്ചു.