ഓണത്തിന് ഒരു കൊട്ട പൂവ്; തൈകൾ വിതരണം ചെയ്തു

post

ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി - വാടാർമല്ലി തൈകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ യു.പി ശോഭ പദ്ധതി വിശദീകരിച്ചു.

ഓണത്തിന് തദ്ദേശീയമായി പൂക്കൾ ഉൽപാദിപ്പിക്കുക, ജില്ലയിലെ വനിതാ ഗ്രൂപ്പുകളെ കൃഷിയിൽ പ്രോത്സാഹിപ്പിക്കുക, വരുമാനം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 16 ലക്ഷം രൂപയാണ് ചെലവ്. ജില്ലയിലെ അഞ്ച് ഫാമുകളിൽ ഉൽപാദിപ്പിച്ച രണ്ടര ലക്ഷം തൈകൾ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വനിതാ ഗ്രൂപ്പുകൾക്ക് നൽകും. തദ്ദേശസ്ഥാപനങ്ങളിലെ കൃഷിഭവൻ മുഖേനയാണ് തൈകളുടെ വിതരണം. കണ്ണൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ സുരേഷ് ബാബു, എം.വി ശ്രീജിനി, അംഗങ്ങളായ സി.പി ഷിജു, എ മുഹമ്മദ് അഫ്സൽ, കെ.വി ബിജു, ലിസി ജോസഫ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സീമ സഹദേവൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.