ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകൾ വിതരണം ചെയ്തു

കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകൾ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു. തടസ്സരഹിത സഞ്ചാരത്തിനും വരുമാനം കണ്ടെത്തുന്നതിനും ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്ന ഈ പദ്ധതിയിലൂടെ ജില്ലാപഞ്ചായത്ത് അവർക്കൊപ്പമുണ്ടെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രാമന്തളി, എരമം, കുറ്റൂർ, പാപ്പിനിശ്ശേരി, പെരിങ്ങോം, വയക്കര, മാലൂർ, കുറ്റിയാട്ടൂർ, അഴീക്കോട്, ചൊക്ലി, തൃപ്രങ്ങോട്ടൂർ, മുണ്ടേരി, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ 21 ഗുണഭോക്താക്കൾക്കാണ് സ്‌കൂട്ടർ വിതരണം ചെയ്തത്. 23,00,000 രൂപയാണ് ഇതിനായി വകയിരുത്തിയത്. സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ ഒന്നിന് എല്ലാ ചെലവുകളും ഉൾപ്പെടെ 1,05,000 രൂപയാണ് വിലവരുന്നത്. അടുത്ത സാമ്പത്തിക വർഷത്തിലും ഈ പദ്ധതിക്ക് വേണ്ടി 15,00,000 രൂപ വകയിരുത്തിയിരുത്തിയിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് അറിയിച്ചു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, കലാകായിക പരിപോഷണം, സാമൂഹ്യ ഉന്നമനം തുടങ്ങിയ വിവിധ മേഖലകളിൽ ജില്ലാപഞ്ചായത്ത് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്.
ജില്ലാപഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺമാരായ യു.പി ശോഭ, എൻ.വി ശ്രീജിനി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഗംഗാധരൻ മാസ്റ്റർ, ജില്ലാപഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, സാമൂഹ്യ നീതി വകുപ്പ് സീനിയർ സുപ്രണ്ട് പി.കെ നാസ്സർ, ഫിനാൻസ് ഓഫീസർ കെ.വി മുകുന്ദൻ എന്നിവർ പങ്കെടുത്തു.