കോവിഡ് 19 : ജില്ലയില്‍ 9200 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

post

കൊല്ലം : അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (ഏപ്രില്‍ 10) ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വിപണനത്തിനായി എത്തിച്ച പഴകിയതും വിഷം കലര്‍ന്നതുമായ 9200 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ജില്ലയില്‍ ഫോര്‍മാലിന്‍ കലര്‍ന്നതും ആരോഗ്യത്തിന് ഹാനീകരവുമായ മത്സ്യങ്ങളുടെ വിപണനം തടയാനായി ജില്ലയുടെ നാല് അതിര്‍ത്തികളില്‍ പ്രത്യേക സ്‌ക്വാഡുകളെ നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഓച്ചിറ, കടമ്പാട്ട്കോണം, ഏനാത്ത്, നിലമേല്‍ പ്രദേശങ്ങളിലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ഇതിന് പുറമേ ആര്യങ്കാവ് വഴി കടന്നുവരുന്ന മത്സ്യ വാഹനങ്ങള്‍ പരിശോധിക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷാ, റവന്യൂ, പൊലീസ് എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡാണ് ജില്ലയില്‍ പ്രവേശിക്കുന്ന മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങള്‍ പരിശോധിക്കുക. ക്രമക്കേട് കണ്ടെത്തിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ നേരിട്ട് നിരീക്ഷിക്കും. വിഷലിപ്തമായ മത്സ്യകടത്തിനെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.