അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കോൺവക്കേഷൻ സംഘടിപ്പിച്ചു

post

നൈപുണ്യ - സംരംഭക സർവ്വകലാശാല സർക്കാരിന്റെ പരിഗണനയിൽ :മന്ത്രി പി. രാജീവ്

അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു.

കളമശേരിയിലെ അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂണിറ്റി ഡവലപ്പർ, ഗെയിം ഡവലപ്പർ യൂസിങ് അൺറിയൽ, ഗ്രാഫിക് ഡിസൈനർ മഹീസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, കണ്ടൻറ് റൈറ്റർ, ഫിറ്റ്നസ് ട്രെയിനർ എന്നീ ഹൃസ്വകാല കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ 75 വിദ്യാർത്ഥികളെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അനുമോദിച്ചു. ഗെയിം ഡവലപ്പ്മെന്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രമുഖ കമ്പനിയായ മാൽഗർ എന്റർടൈൻമെൻ്റ്സിന്റെ ജോബ് ഓഫർ കൈമാറി.

സംസ്ഥാനത്ത് നൈപുണ്യ - സംരംഭക സർവ്വകലാശാല ആരംഭിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.നൈപുണ്യ വികസനത്തിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ച് ഒരു സർവ്വകലാശാലക്ക് കീഴിൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു വരികയാണ്. സംസ്ഥാനത്ത് വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ നൈപുണിയും തമ്മിലുള്ള അന്തരം കുറഞ്ഞു വരികയാണ്. അസാപ്പ് അടക്കമുള്ളവയുടെ പ്രവർത്തനങ്ങൾ ഇതിന് സഹായകമായി.

സ്കിൽ പാർക്ക് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തും. കേരളത്തിലേക്ക് എത്തുന്ന വിവിധ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന തൊഴിൽ നൈപുണി ലഭ്യമാക്കുന്നതിനായി അസാപ്പ് ഉൾപ്പെടെയുള്ളവയുമായി ചർച്ച നടത്തിയാണ് വ്യവസായ വകുപ്പ് ആവശ്യമായ പോളിസികൾ തയ്യാറാക്കുന്നത്. കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായി ബന്ധപ്പെട്ട് കോഴ്സുകൾക്കും അസാപ്പ് നേതൃത്വം നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.കളമശേരി നഗരസഭ ഉപാധ്യക്ഷ സൽമ അബൂബക്കർ, അസാപ്പ് കേരള സൗത്ത് സോൺ അസി. ഡയറക്ടർ ടിയാര സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.