വാഴത്തോപ്പ് ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം; നൈപുണ്യ വികസനകേന്ദ്രം ഉദ്ഘാടനം ചെയ്തു

post

ഇടുക്കി വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റ ശിലാസ്ഥാപനവും നൈപുണ്യ വികസനകേന്ദ്രത്തിന്റെ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു. സര്‍വ ശിക്ഷ അഭിയാന്‍ കേരള (എസ്.എസ്.കെ) ഫണ്ട് ഉപയോഗിച്ച് വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ പണികഴിപ്പിച്ച പുതിയ ക്ലാസ് റൂമിന്റെ ഉദ്ഘാടനവും എസ്. എസ്. എല്‍.സി വി.എച്ച്. എസ്. ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. 

വാഴത്തോപ്പ് സ്‌കൂള്‍ ഗ്രൗണ്ടിന്റെ വികസനം ഈ സാമ്പത്തിക വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.ജില്ലാ ആസ്ഥാനത്തെ ഈ മൈതാനത്തിന്റെ വികസനത്തിന് വലിയ പ്രാധാന്യമുണ്ട്. നാടിന്റെ പൊതുവായ വികസനത്തിനും കായിക മേഖലയ്ക്കും വലിയ നേട്ടമുണ്ടാകും. അതിനാല്‍ സാധ്യമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

 മന്ത്രി റോഷി അഗസ്റ്റിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ ചെലവഴിച്ചാണ് ഹൈസ്‌കൂള്‍ വിഭാഗത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. വി.എച്ച്. എസ്. ഇ ബ്ലോക്കില്‍ നിര്‍മ്മിച്ച പുതിയ ക്ലാസ് റൂമിനോട് ചേര്‍ന്ന് കെട്ടിടം പണിയാന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി എസ്.എസ് കെ ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എ.എം. ഷാജഹാന്‍ പദ്ധതി വിശദീകരിച്ചു. 

വാഴത്തോപ്പ് സ്‌കൂളില്‍ അനിമേറ്റര്‍, വെബ് ഡെവലപ്പര്‍ എന്നീ രണ്ടു കോഴ്‌സുകളാണ് നൈപുണി വികസന കേന്ദ്രത്തിന്റെ കീഴില്‍ ആരംഭിക്കുന്നത്. ഓരോ കോഴ്‌സിനും 25 സീറ്റുകള്‍ വീതമാണ് ഉള്ളത്. കോഴ്‌സുകള്‍ തികച്ചും സൗജന്യമാണ്. 15 മുതല്‍ 23 വയസ്സ് വരെയുള്ള പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ശനി ഞായര്‍ പൊതു അവധി ദിവസങ്ങളില്‍ മാത്രമാകും ക്ലാസുകള്‍ ഉണ്ടാവുക. അതുകൊണ്ട് തന്നെ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും പഠിക്കാന്‍ അവസരമുണ്ട്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടിന്റു സുഭാഷ്, പ്രഭാ തങ്കച്ചന്‍, നിമ്മി ജയന്‍, അറക്കുളം എ ഇ. ഒ ആഷിമോള്‍ കുര്യാച്ചന്‍, ബി.ആര്‍.സി ബി.പി.സി സിനി സെബാസ്റ്റ്യന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോമി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.