കട്ടപ്പന സര്‍ക്കാര്‍ കോളേജില്‍ കൊമേഴ്സ് റിസര്‍ച്ച് സെന്ററും മള്‍ട്ടി ജിമ്മും പ്രവര്‍ത്തനമാരംഭിച്ചു

post

പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റം ശ്രദ്ധേയമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍


ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ കോളേജിലെ ഏക കൊമേഴ്സ് റിസര്‍ച്ച് സെന്റര്‍ കട്ടപ്പന ഗവ. കോളേജില്‍ തുടങ്ങി. പഠനത്തിനൊപ്പം ആരോഗ്യ പരിപാലനത്തിനും കായിക ക്ഷമത ഉറപ്പാക്കുന്നതിനും പ്രാധാന്യം നല്‍കി മള്‍ട്ടി ജിമ്മും കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊമേഴ്സ് റിസര്‍ച്ച് സെന്ററിന്റെയും മള്‍ട്ടി ജിമ്മിന്റെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഇരുന്നൂറ് കോളേജുകളില്‍ മികച്ച നാല്‍പത്തിനാല് കോളേജുകള്‍ കേരളത്തിലാണ്. വിദ്യാഭ്യാസ രംഗത്ത് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചു. ക്ലാസ് മുറികള്‍ ഹൈടെക്കായി. ഒരു നാടിന്റെ വികസന കാഴ്ചപ്പാടില്‍ പ്രാധാനം വിദ്യാഭ്യാസ നിലവാരമാണെന്നും മന്ത്രി പറഞ്ഞു.


മലയാളം, കെമിസ്ട്രി റിസര്‍ച്ച് സെന്ററുകള്‍ക്ക് പുറമെ കോളേജിലെ മൂന്നാമത്തെ റിസര്‍ച്ച് സെന്റര്‍ ആണ് കോമേഴ്സ് വിഭാഗത്തിലേത്. നിലവില്‍ രണ്ട് റിസര്‍ച്ച് ഗൈഡുമാരും രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളുമായാണ് പഠനം ആരംഭിച്ചിട്ടുള്ളത്. കൂടുതല്‍ അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും റിസര്‍ച്ച് സെന്ററിന്റെ ഭാഗമാകും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടര്‍ ലാബ്, ഇന്റര്‍നെറ്റ്, ഗവേഷണ ജേര്‍ണലുകള്‍, ലൈബ്രറി ബുക്കുകളുടെ ശേഖരം, ഡിസ്‌കഷന്‍ റൂം, പ്രസന്റേഷന്‍ റൂം, ഓണ്‍ലൈന്‍ റിസോഴ്‌സ് തുടങ്ങി നിരവധി സൗകര്യങ്ങളാണ് കോളേജില്‍ ഒരുക്കിയിട്ടുള്ളത്.

കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ഫിറ്റ്‌നസ് ഉപകരണങ്ങളാണ് ജിമ്മില്‍ സജ്ജീകരിച്ചിരിക്കുന്നത്. അതോടൊപ്പം ബെസ്റ്റ് ഫിസിക്, പവര്‍ ലിഫ്റ്റിംഗ് തുടങ്ങിയ മത്സര ഇനങ്ങള്‍ക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന തരത്തില്‍ ജിം ഫെസിലിറ്റീസും പ്രവര്‍ത്തനക്ഷമമാണ്.  


20 ലക്ഷം രൂപ മുതല്‍ മുടക്കില്‍ റൂസ ഫണ്ട് വിനിയോഗിച്ചാണ് ഫിറ്റ്‌നസ്  സെന്റര്‍ ഒരുക്കിയിട്ടുള്ളത്.വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ജിമ്മിന്റെ സേവനം പ്രയോജനപ്പെടുത്താം. രാവിലെ 6 മുതല്‍ 9.45 വരെയും വൈകിട്ട് 3 മുതല്‍ 7.30 വരെയാണ് ജിമ്മിന്റെ പ്രവര്‍ത്തന സമയം.

കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍  ബി.എസ്.സി കണക്ക് വിഭാഗത്തില്‍ നിന്ന് എം.ജി സര്‍വകലാശാലയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നൂപ അനൂപിനെ മന്ത്രി ആദരിച്ചു. 97.77 ശതമാനം മാര്‍ക്കോടെയാണ് നൂപ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

കട്ടപ്പന ഗവ.കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ കട്ടപ്പന ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കണ്ണന്‍ വി. അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍  ഷമേജ് കെ ജോര്‍ജ്, ഗവണ്‍മെന്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.അലോഷ്യസ് ഒ.സി, കായിക വിഭാഗം മേധാവി ഷാബു എസ് ജെ, റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ജോബിന്‍ സഹദേവന്‍, കണക്ക് വിഭാഗം മേധാവി അനു പങ്കജ്, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കോര്‍ഡിനേറ്റര്‍ റ്റോജി ഡൊമിനിക്, ജനറല്‍ കണ്‍വീനര്‍ സിമി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.