ജൂൺ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും

post

ജൂൺ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും. ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള ക്യാമ്പയിനുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങൾ, 'ആരോഗ്യം ആനന്ദം' രണ്ടാംഘട്ട കാൻസർ സ്‌ക്രീനിങ് പദ്ധതി ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് എഡിഎമ്മിന്റെ ചേംബറിൽ ചേർന്ന വിവിധ വകുപ്പുകളുടെ ജില്ലാതല യോഗത്തിലാണ് തീരുമാനം.

വിദ്യാലയങ്ങൾ പുകയിലരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ 'യെല്ലോ ലൈൻ ക്യാമ്പയിൻ' എന്ന പേരിൽ വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവിൽ അധ്യാപകരെയും വിദ്യാർഥികളെയും അണിനിരത്തി മഞ്ഞവര കൊണ്ട് അതിരുകൾ രേഖപ്പെടുത്തും. ഈ ചുറ്റളവിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വിദ്യാലയങ്ങളിലും ജാഗ്രത സമിതികൾ രൂപീകരിക്കുക, വിദ്യാലയങ്ങളിൽ നിയമപ്രകാരമുള്ള പുകവലിരഹിത ബോർഡുകൾ സ്ഥാപിക്കുക, പുകവലിവിരുദ്ധ പ്രതിജ്ഞെയടുക്കുക, അധ്യാപകർക്ക് പുകയിലക്കെതിരെ പരിശീലന ക്ലാസ് നൽകുക, എല്ലാ സ്‌കൂളിലും അതത് ഭാഗത്തെ നിയോഗിക്കപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടർമാർ സന്ദർശനം നടത്തി ബോധവത്കരണ ക്ലാസുകൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.

പുകയിലക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരമ്പരാഗത തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം, പരസ്യത്തിലൂടെയും പ്രദർശനത്തിലൂടെയുമുള്ള പുകയില ഉൽപന്നങ്ങളുടെ വിപണനം നിരോധിക്കൽ, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് തടയൽ, വിദ്യാലയങ്ങൾക്ക് സമീപം പുകയില ഉൽപന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കൽ തുടങ്ങിയവ ക്യാമ്പയിനിന്റെ ഭാഗമായി നടത്തും.

പുകയിലക്കെതിരായ പ്രവർത്തനങ്ങൾക്കായി പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനിത-ശിശു വികസനം, തൊഴിൽ, പിഡബ്ല്യുഡി, പിആർഡി തുടങ്ങിയ വകുപ്പുകളുടെയും എൻഎസ്എസ്, എൻസിസി, സിബിഎസ്ഇ ഐസിഎസ്‌സി ജില്ലാ കോർഡിനേറ്റർമാർ, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, ഡി അഡിക്ഷൻ സെന്ററുകൾ, സർക്കാർ മെഡിക്കൽ കോളേജ്, കമ്യൂണിറ്റി മെഡിസിൻ വകുപ്പ് തുടങ്ങിയവയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും തീരുമാനിച്ചു.

യോഗത്തിൽ എഡിഎം ഇൻചാർജ് പി എൻ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ ജി സജിത് കുമാർ, അഡീഷണൽ ഡിഎംഒ ഡോ. മനോജ് കുമാർ, ഹോമിയോ ഡിഎംഒ ഡോ. പി സി കവിത, ഡിപിഎം ഡോ. പി കെ ഷാജി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.