സ്കിൽ ഡെവലപ്പ്മെന്റ് സെന്ററും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു

തൊഴിൽ മേഖല കണ്ടെത്താൻ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ പ്രയോജനപ്പെടുത്തണം: മന്ത്രി റോഷി അഗസ്റ്റിൻ
ജില്ലയിൽ 11 സെന്ററുകൾ
മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററും പ്രവേശനോത്സവവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് പഠിക്കുമ്പോൾ തന്നെ താൽപര്യമുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അനുയോജ്യമായ തൊഴിൽ മേഖല തിരഞ്ഞെടുക്കാനും സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുകൾ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളിലെ ലഹരിയുടെ സ്വാധീനം മറികടക്കാൻ സംസ്ഥാനസർക്കാർ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. സ്കൂൾ പരിസരങ്ങളിൽ കുട്ടികളെ നിരീക്ഷിക്കാൻ ഷാഡോ പൊലീസുകാരുണ്ടാകും. എല്ലാ സ്കൂളുകളിലും ഒരു ചീഫ് പൊലീസ് ഓഫീസറെ നിയോഗിച്ചുകൊണ്ടുള്ള പുതിയ കർമ്മ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. സംശയം തോന്നിയാൽ കുട്ടികളെയും അധ്യാപകരെയും ആവശ്യമെങ്കിൽ അവരുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടും പൊലീസ് ഓഫീസർ കാര്യങ്ങൾ നിരീക്ഷിക്കും. സ്കൂൾ പരിസരത്തെ കടകൾ, സ്ഥിരമായി വരുന്ന ആളുകൾ, കുട്ടികൾ പോകുന്ന വഴികൾ, കുട്ടികൾ താമസിച്ചു വീട്ടിലെത്തുന്നത് തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന ഒരു കമ്മിറ്റിയും സ്കൂളുകളിൽ രൂപികരിക്കും. വരും തലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരേ ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി പറഞ്ഞു.
അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്റ്റ് കോ-ഓഡിനേറ്റർ എ.എം. ഷാജഹാൻ പദ്ധതി വിശദീകരിച്ചു.
മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഒരു വർഷം ദൈർഘ്യമുള്ള ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ഗ്രാഫിക്സ് ഡിസൈനർ എന്നീ രണ്ടു കോഴ്സുകളാണ് ആരംഭിക്കുന്നത്.
സംസ്ഥാനത്തെ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുഗുണമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആദ്യമായി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നത്. ജില്ലയിൽ 11 സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. 15 വയസ് മുതൽ 23 വയസ് വരെയുള്ള യുവാക്കൾക്ക് തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്യവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുകൾ തുടങ്ങുന്നത്. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പവും ഏതെങ്കിലും സാഹചര്യങ്ങളിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്കും തൊഴിൽ പരിശീലനം സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുകളിലൂടെ സാധ്യമാകും.
പരിപാടിയിൽ അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം സിനി തോമസ്, ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റർ സിനി സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് പ്രകാശ് ജോർജ്, അറക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സതീശ് ചന്ദ്രൻ, മൂലമറ്റം ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ശ്രീകല പി, മൂലമറ്റം ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.നിസ, എസ്.ഡി.സി കോർഡിനേറ്റർ ദിൽജ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.