‘ജൈവ നാണ്യം' വിജയമാക്കി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്

ചാണകവും വരുമാനസ്രോതസാക്കി തദ്ദേശസ്വയംഭരണ സ്ഥാപനം. ‘ജൈവ നാണ്യം' പദ്ധതിയിലൂടെ ചാണകം ശാസ്ത്രീയമായി സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റുന്ന കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ചെറുകിടകര്‍ഷകര്‍ക്ക് ആശ്വാസവും പുതിയ വരുമാനമാര്‍ഗവുമാണ് തുറന്ന്‌കൊടുത്തത്.
ശാസ്ത്രീയമായി സംസ്‌കരണം സാധ്യമാക്കുന്നതിന് ആശങ്കപ്പെട്ടിരുന്നവര്‍ക്കാണ് പദ്ധതി കൈത്താങ്ങായത്. ക്ഷീരകര്‍ഷകരുടെ വീടുകളില്‍നിന്ന് ചാണകംസംഭരിക്കുകയാണ് ആദ്യപടി. ക്ഷീരസംഘങ്ങള്‍ പരിശീലിപ്പിച്ച തൊഴിലാളികള്‍ ചാണകം ശേഖരിച്ചുണക്കും. വേപ്പിന്‍പിണ്ണാക്ക്, ട്രൈക്കോഡര്‍മ എന്നിവ ചേര്‍ത്ത് ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് അവസാനഘട്ടം. ഇതോടെ ജൈവവളം തയ്യാര്‍. ഇവപാക്കറ്റുകളിലാക്കി ‘ജൈവാമൃതം’ ബ്രാന്‍ഡാക്കിമാറ്റി അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മസേനകള്‍, ഹൈപര്‍ മാര്‍ക്കറ്റുകള്‍, മറ്റു വിപണനകേന്ദ്രങ്ങള്‍ മുഖേന വിപണിയിലേക്ക്. നിലവില്‍ 220 ക്ഷീരകര്‍ഷകരില്‍ നിന്നും ഇവിടെ ചാണകം ശേഖരിക്കുന്നുണ്ട്.
നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്ത ചക്കുവരക്കല്‍, പിണറ്റിന്‍മുകള്‍ എന്നീ ക്ഷീരസംഘങ്ങളാണ് വളം ഉദ്പാദിപ്പിക്കുന്നത്. 2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരസംഘങ്ങള്‍ക്ക് ചെലവഴിക്കുന്ന തുകയുടെ 75% സബ്സിഡി അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ നല്‍കിവരുന്നു. വരുംവര്‍ഷങ്ങളില്‍ യന്ത്രവല്‍ക്കരണം നടപ്പാക്കാന്‍ കൂടുതല്‍തുക വകയിരുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് കുമാര്‍ അറിയിച്ചു.