കോവിഡ് 19 : എ എ വൈ കാര്‍ഡുകള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം

post

ഇന്ന്(ഏപ്രില്‍ 9) ആരംഭിക്കും - ജില്ലാ കലക്ടര്‍

കൊല്ലം : ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 ഇനം അവശ്യ സാധനങ്ങള്‍ അടങ്ങിയ സൗജന്യ അതിജീവന കിറ്റിന്റെ വിതരണം ജില്ലയിലെ  എ എ വൈ കാര്‍ഡുടമകള്‍ക്ക് ഇന്ന് (ഏപ്രില്‍ 9) തുടക്കം കുറിക്കും. ജില്ലയിലെ ആദിവാസി കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണത്തിനാണ് ഇന്ന്(ഏപ്രില്‍ 9) മുന്‍തൂക്കം നല്‍കുക.

കൊല്ലം താലൂക്കില്‍ 17,353, കൊട്ടാരക്കര താലൂക്കില്‍ 10,366, പത്തനാപുരം താലൂക്കില്‍ 3,642, കരുനാഗപ്പള്ളിയില്‍ 8023, കുന്നത്തൂര്‍ താലൂക്കില്‍ 3364, പുനലൂര്‍ താലൂക്കില്‍ 5,735  എ എ വൈ കുടുബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സപ്ലൈകോയുടെ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ ഡിപ്പോകളില്‍ തയ്യാറാക്കിയ അതിജീവന കിറ്റുകള്‍ ഇന്നലെ(ഏപ്രില്‍ 8) മുതല്‍  റേഷന്‍ കടകളില്‍ എത്തിച്ചു തുടങ്ങി. എ എ വൈ കാര്‍ഡുടമകള്‍ ഏപ്രില്‍ 11 വരെ അവരവരുടെ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള റേഷന്‍ കടകളില്‍ നിന്ന് തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം. റേഷന്‍ പൊര്‍ട്ടബിലിറ്റി സംവിധാനം അതിജീവന കിറ്റ് വിതരണത്തില്‍ ഉണ്ടായിരിക്കുന്നതല്ല.

ബി പി എല്‍ വിഭാഗങ്ങള്‍ക്ക് ഏപ്രില്‍ 12 മുതല്‍ 21 വരെയും പൊതുവിഭാഗത്തിലുള്ള കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ 22 മുതല്‍ 30 വരെയും സൗജന്യ കിറ്റ് കൈപ്പറ്റാം. ഓരോ കിറ്റിലും ഉപ്പ്, പഞ്ചസാര, ചെറുപയര്‍, കടല, റവ എന്നിവ ഓരോ കിലോഗ്രാം വീതവും, വെളിച്ചെണ്ണ - അര ലിറ്റര്‍, ആട്ട - രണ്ട് കിലോഗ്രാം,  തേയില-250 ഗ്രാം, മുളക് പൊടി-100 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, പരിപ്പ്-250 ഗ്രാം, മഞ്ഞള്‍പ്പൊടി-100ഗ്രാം, ഉലുവ-100ഗ്രാം, കടുക്-100ഗ്രാം, സണ്‍ ഫ്ളവര്‍ ഓയില്‍-ഒരു ലിറ്റര്‍, ഉഴുന്ന്-ഒരു കിലോഗ്രാം, സോപ്പ്-രണ്ടെണ്ണം എന്നിങ്ങനെ 17 ഇനം അവശ്യ സാധനങ്ങള്‍ ഉണ്ടായിരിക്കും.

        ഏപ്രില്‍ ഒന്നിന് ആരംഭിച്ച സൗജന്യ റേഷന്‍ വിതരണം ജില്ലയില്‍ 90 ശതമാനത്തിലെത്തി. ജില്ലയിലെ ആകെയുള്ള 7,44,922 കാര്‍ഡുടമകളില്‍ 6,59,448 കുടുംബങ്ങള്‍ സൗജന്യ റേഷന്‍ വിതരണം പ്രയോജനപ്പെടുത്തി. അവശ്യ സാധനങ്ങള്‍ക്ക് ജില്ലയില്‍ ക്ഷാമം നേരിടുന്നില്ലെന്നും ലോക്ക് ഡൗണിന്റെ മറവില്‍ പൊതുവിപണികളില്‍ കൃത്രിമ വിലക്കയറ്റം ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ തടയിടുന്നതിന് സ്വീകരിച്ച നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു