മഴക്കാല മുന്നൊരുക്കം: ജില്ലയിൽ ശുചീകരണ- ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

കൊല്ലം ജില്ലയില്‍ കാലവര്‍ഷമുന്‍കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ശുചീകരണപ്രവര്‍ത്തനവും ആരോഗ്യജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് . ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തനതിനുള്ള ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ചുമതലകള്‍ നിശ്ചയിച്ചുനല്‍കി.
മെയ് അവസാനത്തടെ കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. എല്ലാ വകുപ്പുകളും 25നകം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ദേശീയപാതയുടെ നിര്‍മാണപ്രവൃത്തി തടരുന്ന ഇടങ്ങളില്‍ വെള്ളക്കെട്ടിനുള്ള സാഹചര്യം ഒഴിവാക്കണം. കൊട്ടിയം, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍ ഭാഗത്ത് ഓട/ഡ്രെയിനേജ് നിര്‍മിക്കണം. ജലമൊഴുക്ക് തടസമില്ലാതെയാക്കണം. മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ ഇടവരരുത്.
സര്‍വീസ് റോഡുകളിലൂടെ ഗതാഗതം അനുവദിക്കുമ്പോള്‍ ചാത്തന്നൂര്‍, അയത്തില്‍, കാവനാട്, മേവറം, ചവറ, കരുനാഗപ്പള്ളി തുടങ്ങിയ ഇടങ്ങളില്‍ അധിക ട്രാഫിക് വാര്‍ഡ•ാരെ നിയോഗിക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മഴശക്തമായാല്‍ കൂടുതല്‍സ്ഥലങ്ങളില്‍ വഴിതിരിച്ചുവിട്ടുള്ള ക്രമീകരണം ഉറപ്പാക്കി സുരക്ഷിതമാക്കണം. മുന്നറിയിപ്പ് ലൈറ്റുകള്‍, സുരക്ഷാ ബോര്‍ഡുകള്‍, റിഫ്‌ളക്ടറുകള്‍ എന്നിവ നിര്‍ബന്ധമായും സ്ഥാപിക്കണം. റോഡ് നിര്‍മാണത്തിന്റെ ഭാഗമായ എല്ലാകുഴികളും നികത്താനും കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്തം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്ന കെട്ടിടങ്ങളില്‍ മുന്‍കൂര്‍ പരിശോധന നടത്തി ശുചിമുറികള്‍, വൈദ്യുതി, ലൈറ്റ്, ഫാന്‍, അടുക്കള മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. മഴശക്തമാകുന്നതിന്മുന്‍പ് ഓടകള്‍, കൈത്തോടുകള്‍, കള്‍വര്‍ട്ടുകള്‍, ചെറിയ കനാലുകള്‍, പുഴകള്‍ക്ക് മുകളിലായി ചെറുപാലങ്ങള്‍ കടന്നുപോകുന്ന ഇടങ്ങള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കും.
അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും ഹോര്‍ഡിങ്ങുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കാനും നിര്‍ദേശിച്ചു. പൊതുഇടങ്ങളില്‍ മാലിന്യം കെട്ടികിടക്കുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉറപ്പാക്കണം. കൊതുക് നിര്‍മാര്‍ജനം വ്യാപകമായി നടത്തണം. ഓടകള്‍, നീര്‍ച്ചാലുകള്‍, പൊതുജലാശയങ്ങള്‍ മുതലായവ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന മേഖലകള്‍ പ്രത്യേക പരിശോധന നടത്തണം.
ജില്ലാ- താലൂക്ക്തല എമര്‍ജന്‍സി ഓപ്പറേഷന്‍ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും. പ്രധാനകവലകളിലും സ്‌കൂള്‍ പരിസരങ്ങളിലും ഗതാഗതനിയന്ത്രണത്തിനായി കൂടുതല്‍ പോലീസിനെ നിയോഗിക്കും. പ്രാണി-ജന്തു-വായുജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിക്കാനും പകര്‍ച്ചവ്യാധികളുടെ സ്ഥിതിഗതികള്‍ വിലയിരുത്താനും ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. എല്ലാ പൊഴികളും ആവശ്യമായ അളവില്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കാന്‍ നിര്‍ദേശിച്ചു. ചെളി, പോളകള്‍ നീക്കംചെയ്യുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കി വെള്ളക്കെട്ട് രൂപപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കെട്ടിടങ്ങളിലെയും പരിസരത്തെയും സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. ബോട്ടുകളിലും ചപ്പാത്തുകള്‍, നീര്‍ച്ചാലുകള്‍ എന്നിവ കടന്ന് സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്താന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കും. സ്‌കൂള്‍ പരിസരത്ത് ഇഴജന്തുകളുടെ സാന്നിധ്യം ഇല്ലെന്ന് തീര്‍ച്ചപ്പെടുത്തണം. കിണറുകള്‍, ടാങ്ക്, അടുക്കള, ശുചിമുറികള്‍ തുടങ്ങിയവ ശുചീകരിക്കണം.
തൊഴിലാളി ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടസാധ്യത മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കും. ബോട്ട്‌യാത്ര, വനമേഖലയിലെ വെള്ളച്ചാട്ടം എന്നിവയ്ക്ക് സുരക്ഷ ഉറപ്പുവരുത്തി മാത്രം പ്രവേശനം അനുവദിക്കും.
അനുമതിയില്ലാതെ ട്രെക്കിങ്ങ്, ഹൈക്കിങ് നടത്തരുത്. പട്ടികവര്‍ഗ ഉന്നതികളില്‍ താമസിക്കുന്ന ജനങ്ങളുടെ വിവരശേഖരണം നടത്താനും സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, സബ് കലക്ടര്‍ നിഷാന്ത് സിഹാര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.