വിജ്ഞാന കേരളം ജനകീയ തൊഴിൽ ക്യാമ്പയിൻ: പരിശീലനം ആരംഭിച്ചു

post

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂൺ 21ന് കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫയറിൻ്റെ ഭാഗമായി ജില്ലാതല റിസോഴ്സ് പേഴ്സൺസ്മാരുടെ പരിശീലനം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. കെ.വി. സുമേഷ് എം എൽ എ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപന പരിധിയിലെ ഡി.ആർ.പിമാർ, കമ്മ്യൂണിറ്റി അംബാസിഡർമാർ, ബ്ലോക്ക് - മുൻസിപ്പൽ തല ജോബ് സ്റ്റേഷൻ ചുമതലക്കാർ വിജ്ഞാന കേരളം പ്രോജക്ട് മാനേജ്മൻ്റെ യൂണിറ്റ് എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

ജില്ലാതല മെഗാ ജോബ് ഫെയർ, എല്ലാ ആഴ്ചകളിലും സംഘടിപ്പിക്കുന്ന വെർച്ച്വൽ ജോബ് ഫെയർ, പ്രാദേശിക ജോബ് ഫെയർ എന്നിവ വഴി അടുത്ത ജൂലൈ അവസാനത്തോടെ 20,000 പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നുവരുന്നത്. മേയ് 20 മുതൽ 23 വരെയുള്ള തീയതികളിൽ തദ്ദേശസ്ഥാപനതല പരിശീലനം 82 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വീതം സന്നദ്ധ പ്രവർത്തകരാണ് തദ്ദേശസ്ഥാപന പരിശീലനത്തിൽ പങ്കെടുക്കുക. മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ രജിസ്ട്രേഷനു വേണ്ടി ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരുമടങ്ങുന്ന ടീം മേയ് 23 മുതൽ 25 വരെയുള്ള തീയതികളിൽ ഗൃഹ സന്ദർശനം നടത്തും . ഇതുവരെ ഡി ഡബ്ല്യു എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയ 30,000 അഭ്യസ്തവിദ്യരുടെ വ്യക്തഗത വിവരങ്ങൾ ഇതിനായ് തയ്യാറാക്കിയ പ്രത്യേക ഗൂഗിൾ ഫോം വഴി ശേഖരിക്കും.

തുടർന്ന് അനുയോജ്യമായ യോഗ്യതയും തൊഴിൽ പരിചയവും കണക്കിലെടുത്ത് ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ട തൊഴിലുകൾകൾക്ക് അപേക്ഷ സമർപ്പിക്കാനാവശ്യമായ പിന്തുണ ജില്ലയിൽ നിലവിൽ പ്രവർത്തനമാരംഭിച്ച 90 ജോബ് സ്റ്റേഷകളുകൾ വഴി നടത്തും. മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ അപേക്ഷ സമർപ്പിച്ചവർക്കുള്ള സോഫ്റ്റ്സ്കിൽ പരിശീലനം ജൂൺ ഒന്ന് മുതൽ ആരംഭിക്കും. ഇംഗ്ലീഷിലുള്ള ആശയവിനിമയം, ബയോഡേറ്റ തയ്യാറാക്കൽ, ആത്മവിശ്വാസത്തൊടെ ഇൻ്റർവ്യുവിനെ നേരിടൽ എന്നിവയിലാണ് പരിശീലനം.

തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷണൽ മെൻ്റർമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുക. പ്രൊഫഷണൽ മേഖലയിലെ തൊഴിൽ അപേക്ഷകർക്ക് ജൂൺ 10 മുതൽ 15 വരെയുള്ള തീയതികളിൽ ജില്ലാ തലത്തിൽ പരിശീലനം നൽകും.

വിഞ്ജാനകേരളം ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എം. സുർജിത്ത്, പി.വി. രത്നാകരൻ, അനൂപ് പ്രകാശ്, ഡി. പി. എം സൗമ്യ എന്നിവർ ക്ലാസ്സെടുത്തു.